വാഷിംഗ്ടണ്‍: ചൈനയുമായി വ്യാപാര കരാര്‍ നടപ്പാക്കിയാല്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ട്രംപ് ചൈന അമേരിക്കയിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കാനഡയെ ഒരു 'ഡ്രോപ്പ് ഓഫ് പോര്‍ട്ടായി' മാറ്റാമെന്ന് കാര്‍ണി കരുതുന്നുണ്ടെങ്കില്‍ അത് വലിയ തെറ്റിദ്ധാരണയാണ് എന്ന് പറഞ്ഞു.
കാനഡ ചൈനയുമായി കരാര്‍ ഉണ്ടാക്കിയാല്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ കാനഡ ഉത്പന്നങ്ങള്‍ക്കും ഉടന്‍ തന്നെ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ചൈന കാനഡയെ പൂര്‍ണമായി വിഴുങ്ങുമെന്നും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ സാമൂഹിക ഘടന, ജീവിതശൈലി എന്നിവയെല്ലാം തകര്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയോടുള്ള അത്യധിക ആശ്രയം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാനഡ ചൈനയുമായി 'പുതിയ തന്ത്രപരമായ പങ്കാളിത്തം' എന്ന പേരില്‍ ഒരു 'ചരിത്രപ്രാധാന്യമുള്ള കരാര്‍' കൈവരിച്ചതെന്ന് കാനഡ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച മാര്‍ക് കാര്‍ണി വ്യാപാര തടസ്സങ്ങള്‍ നീക്കുകയും തീരുവകള്‍ കുറയ്ക്കുകയും ചെയ്യുന്ന പ്രാഥമികമായെങ്കിലും നിര്‍ണായകമായ ഒരു വ്യാപാര കരാറിലാണ് കാനഡയും ചൈനയും എത്തിയിരിക്കുന്നതെന്ന് അറിയിച്ചു.
കരാര്‍ പ്രകാരം കാനഡയുടെ പ്രധാന കയറ്റുമതി ഉത്പന്നമായ കനോല വിത്തിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും മേല്‍ ചൈന മാര്‍ച്ച് 1നകം തീരുവ 84 ശതമാനത്തില്‍ നിന്ന് ഏകദേശം 15 ശതമാനമായി കുറയ്ക്കും. കൂടാതെ, കാനഡ പൗരന്മാര്‍ക്ക് ചൈനയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനും അനുമതി നല്‍കും.
അതിന് പകരമായി, 6.1 ശതമാനം എന്ന അനുകൂല തീരുവ നിരക്കില്‍ 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ കാനഡ ഇറക്കുമതി ചെയ്യും.
ഹുവായ് സ്ഥാപകന്റെ മകളെ യു എസ് ആവശ്യപ്രകാരം കാനഡ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ചൈന- കാനഡ ബന്ധം വഷളായിരുന്നു. ഇതിന് പ്രതികാരമായി ചൈന രണ്ട് കാനഡ പൗരന്മാരെ ചാരപ്രവര്‍ത്തന ആരോപണത്തില്‍ തടവിലാക്കിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും പരസ്പരം തീരുവകള്‍ ഏര്‍പ്പെടുത്തിയെങ്കിലും ബന്ധം ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ താത്പര്യമുണ്ടെന്ന് ചൈന വ്യക്തമാക്കിയിരുന്നു. കാര്‍ണിയും അതേ ദിശയില്‍ നീങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്ക കാനഡ ഉത്പന്നങ്ങള്‍ക്ക് മേല്‍ തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ഒട്ടാവ പുതിയ വ്യാപാര പങ്കാളികളെ തേടാന്‍ തുടങ്ങിയിരുന്നു.
ട്രംപിനെ നേരിട്ട് പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ആഗോള നയതന്ത്രത്തില്‍ യു എസ് പ്രസിഡന്റിന്റെ അസ്ഥിര സമീപനത്തിനെതിരായ വിമര്‍ശനമായാണ് കാര്‍ണിയുടെ പ്രസംഗം വിലയിരുത്തപ്പെട്ടത്. തുടര്‍ന്ന് ട്രംപ് മറുപടി പ്രസംഗം നടത്തുകയും കാനഡ പ്രധാനമന്ത്രിയെ തന്റെ 'ബോര്‍ഡ് ഓഫ് പീസ്' സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള ക്ഷണം പിന്‍വലിക്കുകയും ചെയ്തു.
