റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചതോടെ ഇന്ത്യയ്ക്കെതിരായ 25 ശതമാനം തീരുവ പിന്‍വലിക്കാമെന്ന് സൂചന നല്‍കി ട്രഷറി സെക്രട്ടറി

റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചതോടെ ഇന്ത്യയ്ക്കെതിരായ 25 ശതമാനം തീരുവ പിന്‍വലിക്കാമെന്ന് സൂചന നല്‍കി ട്രഷറി സെക്രട്ടറി


വാഷിംഗ്ടണ്‍: ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ ഇന്ത്യ ഗണ്യമായി കുറച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധിക 25 ശതമാനം തീരുവ പിന്‍വലിക്കാനുള്ള സാധ്യതയുണ്ടെന്ന് യു എസ് ട്രഷറി സെക്രട്ടറി കൂടിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന സഹായി സ്‌കോട്ട് ബെസന്റ് സൂചന നല്‍കി. പൊളിറ്റിക്കോയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കെതിരായ തീരുവ വലിയ വിജയമാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

യു എസ് തീരുവകള്‍ കാരണം ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകളുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ തകര്‍ന്ന നിലയിലായതായി ബെസന്റ് പറഞ്ഞു. ഇന്ത്യ ഊര്‍ജസ്രോതസ്സുകള്‍ മാറ്റിയാല്‍ തീരുവ പിന്‍വലിക്കാന്‍ നയതന്ത്രപരമായ പാത നിലവിലുണ്ടെന്നും ഇത്തരം വ്യാപാര നടപടികള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വ്യക്തമായ നേട്ടങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യന്‍ എണ്ണ വാങ്ങിയതിനാണ് ഇന്ത്യയ്ക്കെതിരെ തങ്ങള്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. അതിന് പിന്നാലെ ഇന്ത്യന്‍ റിഫൈനറികളുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ തകര്‍ന്നുവീണു. അതിനാല്‍ ഇത് ഒരു വിജയമാണ്. തീരുവ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ അത് പിന്‍വലിക്കാനുള്ള ഒരു വഴി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഇത് വലിയ വിജയം തന്നെയാണ്-  ബെസന്റ് പൊളിറ്റിക്കോയോട് പറഞ്ഞു.

ഇന്ത്യയില്‍ ശുദ്ധീകരിച്ച റഷ്യന്‍ എണ്ണ യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങുന്നതിനെതിരെയും ബെസന്റ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അവര്‍ സ്വയം എതിരായ യുദ്ധത്തിന് ധനസഹായം നല്‍കുകയാണണെന്ന് പറഞ്ഞ അദ്ദേഹം യൂറോപ്പിന്റെ ഈ വ്യാപാരനടപടിയെ വിരോധാഭാസവും മൂഢതയും നിറഞ്ഞത് എന്നുവിളിച്ചു.

ഇന്ത്യയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ യൂറോപ്പ് പരോക്ഷമായി റഷ്യയുടെ യുദ്ധശ്രമങ്ങള്‍ക്ക് പണം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുക്രെയിന്‍ ആക്രമണത്തിന് മുന്‍പ് ഇന്ത്യയുടെ റിഫൈനറികളിലേക്ക് എത്തിയ എണ്ണയില്‍ 23 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നുണ്ടായിരുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയതോടെ ആ എണ്ണ കനത്ത വിലക്കുറവില്‍ ലഭിച്ചു, പിന്നീട് അത് 17, 18, 19 ശതമാനം വരെ ഉയര്‍ന്നു. റിഫൈനര്‍മാര്‍ക്ക് വലിയ ലാഭമായിരുന്നു. എന്നാല്‍ ഏറ്റവും വലിയ വിരോധാഭാസവും മൂഢതയും എന്തെന്നാല്‍ റഷ്യന്‍ എണ്ണയില്‍ നിന്നുണ്ടാക്കിയ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ റിഫൈനറികളില്‍ നിന്ന് വാങ്ങിയത് യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. അവര്‍ സ്വയം എതിരായ യുദ്ധത്തിന് പണം നല്‍കുകയാണ്. റഷ്യക്ക് തന്നെ ധനസഹായം ചെയ്യുകയാണ്- ബെസന്റ് പറഞ്ഞു.

ഇന്ത്യയുമായി നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍  സംരക്ഷിക്കുന്നതിന് ഇന്ത്യയ്ക്കെതിരെ സമാന തീരുവകള്‍ ഏര്‍പ്പെടുത്താതിരിക്കുന്നത് യൂറോപ്യന്‍ യൂണിയന്റെ മൂല്യപ്രകടനം ആണെന്നും ബെസന്റ് ആരോപിച്ചു. ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഒപ്പുവയ്ക്കണമെന്ന ആഗ്രഹം കൊണ്ടാണ് യൂറോപ്യന്‍ സഖ്യങ്ങള്‍ ഇതില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ സമഗ്ര തന്ത്രപരമായ അജണ്ട ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ്. 200 കോടി ജനസംഖ്യയെയും ആഗോള ജി ഡി പിയുടെ ഏകദേശം 25 ശതമാനത്തെയും ഉള്‍ക്കൊള്ളുന്ന ഈ സ്വതന്ത്ര വ്യാപാര കരാറിനെ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉഴ്സുല വോണ്‍ ഡെര്‍ ലെയന്‍ എല്ലാ കരാറുകളുടെയും അമ്മ എന്നാണ് വിശേഷിപ്പിച്ചത്.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന 16-ാമത് യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ ഉച്ചകോടിയില്‍ പുതിയ സമഗ്ര തന്ത്രപരമായ അജണ്ട അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറിന് അന്തിമരൂപം നല്‍കുന്നതിന് അടുത്ത വാരാന്ത്യത്തില്‍ ഉഴ്സുല വോണ്‍ ഡെര്‍ ലെയന്‍ ന്യൂഡല്‍ഹി സന്ദര്‍ശിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയെ അനിവാര്യമായ സാമ്പത്തിക പങ്കാളിയായി യൂറോപ്പ് കാണുന്നുവെന്നതിന്റെ സൂചനയാണിത്.

ഇതിനിടെ, പ്രസിഡന്റ് ട്രംപ് ഇരുകക്ഷി പിന്തുണയുള്ള റഷ്യ ഉപരോധ ബില്ലിന് അനുമതി നല്‍കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്താന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും പുടിന്റെ യുദ്ധ യന്ത്രത്തിന് ഇന്ധനം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനും ഈ നിയമം വഴിയൊരുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.