മിനസോട്ട: മിന്നീപ്പോളിസില്‍ യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ പ്രാദേശിക സമയം ഒന്‍പത് മണിയോടെ ആക്രമണക്കേസില്‍ തേടുന്ന അനധികൃത കുടിയേറ്റക്കാരനെ ലക്ഷ്യമാക്കി മിന്നീപ്പോളിസില്‍ ഡി എച്ച് എസ് നിയമപ്രവര്‍ത്തകര്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്ന് ഡി എച്ച് എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രിഷിയ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
9 എംഎം സെമി-ഓട്ടോമാറ്റിക് പിസ്റ്റളുമായി യു എസ് ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥരെ സമീപിച്ചയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ആയുധം കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത് അക്രമാസക്തനായി എന്ന് മക്ലാഫ്‌ലിന്‍ പറഞ്ഞു.
സ്വന്തം ജീവനും സഹ ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാണെന്ന് തോന്നിയതിനാല്‍ ഒരു ഏജന്റ് പ്രതിരോധ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ സംഘം ഉടന്‍ ചികിത്സ നല്‍കിയെങ്കിലും സംഭവസ്ഥലത്തുതന്നെ അയാള്‍ മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ രണ്ട് വെടിയുണ്ടകളുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖകളുണ്ടായിരുന്നില്ലെന്നും ഡി എച്ച് എസ് അറിയിച്ചു.
സംഭവത്തിനു ശേഷം ഇരുന്നൂറോളം പേര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ ആക്രമിച്ചതായും തുടര്‍ന്ന് പൊതുജനങ്ങളുടെയും നിയമപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കായി ജനക്കൂട്ട നിയന്ത്രണ നടപടികള്‍ സ്വീകരിക്കേണ്ടിവന്നതായും മക്ലാഫ്‌ലിന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭ്യമാകുമെന്നും അവര്‍ അറിയിച്ചു.
കൊല്ലപ്പെട്ടയാള്‍ നഗരവാസിയായ 37 വയസ്സുള്ള ഒരു വെള്ളക്കാരനാണെന്നും അദ്ദേഹം നിയമപരമായ തോക്ക് ഉടമയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ മറ്റൊരു ഭീകര വെടിവെപ്പിന് പിന്നാലെ താന്‍ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടതായും മിനസോട്ടയ്ക്ക് ഇത് അത്യന്തം അസഹ്യമാണെന്ന് സംഭവത്തില്‍ മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് എക്സില്‍ കുറിച്ചു.
പ്രസിഡന്റ് ഈ ഓപ്പറേഷന്‍ അവസാനിപ്പിക്കണമെന്നും ആയിരക്കണക്കിന് അക്രമാസക്തരും പരിശീലനമില്ലാത്തതുമായ ഉദ്യോഗസ്ഥരെ മിനസോട്ടയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും ഡൊണള്‍ഡ് ട്രംപ് സംസ്ഥാനത്ത് ഫെഡറല്‍ ഏജന്റുമാരെ വിന്യസിച്ചതിനെ പരാമര്‍ശിച്ച് വാള്‍സ് കൂട്ടിച്ചേര്‍ത്തു.
മിന്നീപ്പോളിസില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റിന്റെ വെടിവെപ്പില്‍ റെനി ഗുഡ് എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
