ചൈനയിലെ പരമോന്നത സൈനിക ജനറലിനെതിരെ അന്വേഷണം

ചൈനയിലെ പരമോന്നത സൈനിക ജനറലിനെതിരെ അന്വേഷണം


ബീജിംഗ്: ചൈനയുടെ പരമോന്നത സൈനിക പദവിയില്‍ ഉള്ള ജനറലിനെതിരെ ഗൗരവമായ ശാസനാ ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏറ്റവും അടുത്ത സൈനിക സൗഹൃദത്തിലുള്ളതായി കണക്കാക്കപ്പെടുന്ന ജനറല്‍ ഷാങ് യൂഷിയയ്ക്കെതിരെയാണ് അന്വേഷണം. ആരോപണങ്ങളുടെ വിശദാംശങ്ങള്‍ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചൈനയില്‍ ഇത്തരം കുറ്റാരോപണങ്ങള്‍ സാധാരണയായി അഴിമതിയെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

അറിയിപ്പില്‍, മറ്റൊരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ജനറല്‍ ലിയു ഷെന്‍ലിയ്ക്കെതിരെയും അന്വേഷണം നടക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

ഒക്ടോബറില്‍ ഒമ്പത് ഉന്നത ജനറലുകളെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ഈ നടപടി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സൈന്യത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ പൊതുശുദ്ധീകരണങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

75 വയസ്സുള്ള ഷാങ് യൂഷിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൈന്യത്തെ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ ഉപാധ്യക്ഷനാണ്. ഈ കമ്മീഷന്റെ അധ്യക്ഷന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ്.

24 അംഗങ്ങളുള്ള പാര്‍ട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ പൊളിറ്റ്ബ്യൂറോയിലെയും ഷാങ് അംഗമാണ്. അദ്ദേഹത്തിന്റെ പിതാവ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ജനറലുകളില്‍ ഒരാളായിരുന്നു.

1968ല്‍ സൈന്യത്തില്‍ ചേര്‍ന്ന ഷാങ് യഥാര്‍ഥ യുദ്ധപരിചയമുള്ള കുറച്ച് മുതിര്‍ന്ന നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. ചൈനീസ് സൈന്യത്തിലെ പതിവ് വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും അദ്ദേഹം പദവിയില്‍ തുടര്‍ന്നത് ഇതുവരെ പ്രസിഡന്റിന്റെ പൂര്‍ണ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന സൂചനയായിരുന്നു.

ഡിസംബറില്‍ നടന്ന പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ ഷാങും ലിയുവും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അന്വേഷണം ഉണ്ടാകാമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് ദിവസങ്ങള്‍ക്കുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം.

അധികാരത്തിലെത്തിയതിനു ശേഷം പ്രസിഡന്റ് ഷി ജിന്‍പിംഗ് വിവിധ വകുപ്പുകളിലായി അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരുന്നു. അടുത്തകാലത്ത് ഈ നീക്കം പ്രധാനമായും സൈന്യത്തെ കേന്ദ്രീകരിച്ചാണ് നടന്നത്.

അഴിമതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ഏറ്റവും വലിയ ഭീഷണി എന്നും അതിനെതിരായ പോരാട്ടം ഗൗരവവും സങ്കീര്‍ണ്ണവുമാണ് എന്നും ഷി ജിന്‍പിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണസുതാര്യതയ്ക്ക് ഇത് സഹായകരമാണെന്ന് പിന്തുണക്കുന്നവര്‍ പറയുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ നീക്കാനുള്ള ആയുധമായി ഇത് ഉപയോഗിക്കപ്പെടുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഷാങിനെയും ലിയുവിനുമെതിരായ അന്വേഷണത്തോടെ ഏഴ് അംഗങ്ങളുണ്ടായിരുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ഇപ്പോള്‍ രണ്ട് അംഗങ്ങളിലേക്കാണ് ചുരുങ്ങിയത്. അധ്യക്ഷനായ ഷി ജിന്‍പിംഗും സൈന്യത്തിലെ ശാസനാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഷാങ് ഷെങ്മിനുമാണ് നിലവില്‍ ശേഷിക്കുന്ന അംഗങ്ങള്‍.