സിനലോവ കാർട്ടലിന് പിന്തുണ നൽകിയെന്ന കേസ്: മെക്‌സിക്കോ ഗവർണർ ഉൾപ്പെടെ 10 പേർക്കെതിരെ യുഎസിൽ കുറ്റപത്രം

സിനലോവ കാർട്ടലിന് പിന്തുണ നൽകിയെന്ന കേസ്: മെക്‌സിക്കോ ഗവർണർ ഉൾപ്പെടെ 10 പേർക്കെതിരെ യുഎസിൽ കുറ്റപത്രം


ന്യൂയോർക്ക്: മെക്‌സിക്കോയിലെ സിനലോവ സംസ്ഥാന ഗവർണർ ഉൾപ്പെടെ നിലവിലുള്ളതും മുൻപത്തേതുമായ 10 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അമേരിക്കയിൽ ഗുരുതര കുറ്റങ്ങൾ ചുമത്തി. സിനലോവ മയക്കുമരുന്ന് കാർട്ടലിന് സഹായം നൽകി യുഎസിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തിയെന്നാരോപിച്ചാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മയക്കുമരുന്ന് കടത്തൽ ഗൂഢാലോചന, ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഗവർണർ റൂബൻ റോച്ച മോയ (76) ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവോ കുറഞ്ഞത് 40 വർഷം തടവോ ലഭിക്കാം.

മെക്‌സിക്കോയിലെ ഭരണകക്ഷിയായ മൊറേന പാർട്ടിയുമായി ബന്ധമുള്ള ചില നേതാക്കളും പ്രതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗമിന് രാഷ്ട്രീയ സമ്മർദ്ദം ഉയർന്നിരിക്കുകയാണ്. കേസിനെ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികൾ ആരോപിച്ചു.

സിനലോവ കാർട്ടലിന്റെ 'ലോസ് ചാപ്പിറ്റോസ്' വിഭാഗവുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ലോകപ്രശസ്ത മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടൽ, ഫെന്റനിൽ, ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മയക്കുമരുന്നുകൾ അമേരിക്കയിലേക്ക് കടത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നാണ് യുഎസ് അധികൃതർ പറയുന്നത്.

കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളവർ കാർട്ടലിന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ-ഭരണ പിന്തുണ നൽകിയതായും ആരോപിക്കുന്നു. 'അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായമില്ലാതെ ഇത്തരത്തിലുള്ള സംഘങ്ങൾ ഇങ്ങനെ ശക്തമായി പ്രവർത്തിക്കില്ല,' എന്ന് യുഎസ് അറ്റോർണി വ്യക്തമാക്കി.

അതേസമയം, റോച്ച മോയ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. 'ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണിത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ, പ്രതികളെ കൈമാറാനുള്ള യുഎസിന്റെ  അഭ്യർത്ഥനകൾ പരിശോധിക്കുകയാണെന്ന് മെക്‌സിക്കോ സർക്കാർ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ തുടർ നടപടികൾ എന്തായിരിക്കുമെന്ന് വ്യക്തമല്ല.

കാർട്ടലുകളെതിരെ നടപടി ശക്തമാക്കണമെന്ന് അമേരിക്കയുടെ സമ്മർദ്ദം നിലനിൽക്കുന്നതിനിടെ, ഈ കേസ് മെക്‌സിക്കോ-അമേരിക്ക ബന്ധത്തിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്.