കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 80 സൈനികര്‍ മരിച്ചു

കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 80 സൈനികര്‍ മരിച്ചു


ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനാപകടത്തില്‍ 80 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 80 മുതല്‍ 110 വരെ സൈനികരെ കൊണ്ടുപോയിരുന്ന ലൊക്കീദ് മാര്‍ട്ടിന്‍ സി-130 ഹെര്‍ക്കുലീസ് വിമാനമാണ് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണതായി അധികൃതര്‍ അറിയിച്ചത്.

ഇക്വഡോര്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്യൂര്‍ട്ടോ ലെഗ്വയിസാമോയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പിന്നാലെ ദക്ഷിണ ആമസോണ്‍ പ്രദേശത്ത് വിമാനം തകര്‍ന്നുവീണതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് പ്ലാറ്റൂണുകളിലായി ഏകദേശം 80 സൈനികര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത സൈനിക ചരക്ക് വിമാനമാണ് ലൊക്കീദ് മാര്‍ട്ടിന്‍ സി-130 ഹെര്‍ക്കുലീസ്. 1950-കളില്‍ യു എസ് എയര്‍ഫോഴ്‌സ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത ഈ വിമാനം തയ്യാറാക്കാത്ത റണ്‍വേകളിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതുകൊണ്ട് ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്നു.

ലോകത്തിലെ ഏകദേശം 70 രാജ്യങ്ങള്‍ ഈ വിമാനമോഡല്‍ ഉപയോഗിക്കുന്നുണ്ട്. യു എസ്, യു കെ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍  ഇതിന്റെ പ്രധാന ഉപയോക്താക്കളാണ്. ഇന്ത്യയില്‍ 12 വിമാനങ്ങള്‍ സേവനത്തിലുണ്ട്.