യു എസ് സൈനികാക്രമണം താത്ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നില്‍ മധ്യസ്ഥ രാജ്യങ്ങള്‍

യു എസ് സൈനികാക്രമണം താത്ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നില്‍ മധ്യസ്ഥ രാജ്യങ്ങള്‍


തെഹ്‌റാന്‍: യു എസ്- ഇറാന്‍ സംഘര്‍ഷത്തിന് താത്ക്കാലിക അവധി നല്‍കി അഞ്ചു ദിവസം സൈനിക ആക്രമണം നിര്‍ത്തിവെക്കുകയാണെന്ന അമേരിക്കന്‍ പ്രഖ്യാപനത്തിന് പിന്നില്‍ മധ്യസ്ഥ രാജ്യങ്ങളെന്ന് സൂചന. 

ആക്‌സിയോസ് റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള പരോക്ഷ ആശയവിനിമയം ഈ രാജ്യങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനോടും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഘ്ചിയോടും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കുകയും മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ചര്‍ച്ചകളുടെ ലക്ഷ്യമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ബദര്‍ അബ്ദലാട്ടി ഞായറാഴ്ച വിവിധ രാജ്യങ്ങളിലെ സഹമന്ത്രിമാരുമായും അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികളുമായും ഫോണില്‍ സംസാരിച്ചു. സംഘര്‍ഷം വ്യാപകമാകുന്നത് തടയേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതെല്ലാം നടക്കുന്നതിനിടെയാണ് ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് ഇറാനിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കുകയും ഇറാനുമായുള്ള സംഭാഷണങ്ങള്‍ മികച്ചതും ഫലപ്രദവുമെന്ന് അവകാശപ്പെടുകയും ചെയ്തത്.

എന്നാല്‍ ഇറാന്‍ ഈ അവകാശവാദങ്ങള്‍ തള്ളി. മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കന്‍ പ്രസ്താവനകള്‍ സൈനിക തന്ത്രങ്ങള്‍ക്ക് സമയം നേടാനും ഊര്‍ജ്ജ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള ശ്രമമാണെന്ന് ഇറാന്‍ ആരോപിച്ചു.

പ്രാദേശിക രാജ്യങ്ങള്‍ സംഘര്‍ഷം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇറാന്‍ സമ്മതിച്ചെങ്കിലും യുദ്ധം ആരംഭിച്ചത് തങ്ങളല്ലാത്തതിനാല്‍ എല്ലാ ശ്രമങ്ങളും വാഷിംഗ്ടണിലേക്കാണ് തിരിക്കേണ്ടതെന്ന നിലപാടാണ് ആവര്‍ത്തിച്ചത്.