ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് പരിക്കേറ്റ രണ്ട് വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കരിങ്കടലിലും ഹോര്‍മുസ് കടലിടുക്കിലുമാണ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അന്താരാഷ്ട്ര ജലപാതകളിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെ ഗുരുതരമായി ബാധിക്കുന്നതായി ഇന്ത്യ മുന്നറിയിപ്പ് നല്കി.
കരിങ്കടലില്‍ എംവി റൊയാദ് മമ്മദോവ് എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചതായി വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് വിദേശ നാവികര്‍ കൊല്ലപ്പെടുകയും ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ള ചില ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്തി അടിയന്തര വൈദ്യസഹായം നല്കിയ റൊമാനിയന്‍ അധികൃതര്‍ക്ക് ഇന്ത്യ നന്ദി അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തുര്‍ക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പതാക വഹിക്കുന്നതുമായ ചരക്കുകപ്പലായിരുന്നു എംവി റൊയാദ് മമ്മദോവ്. യുക്രെയ്നിലെ ഡാന്യൂബ് നദിയിലെ ഇസ്മായില്‍ തുറമുഖത്തുനിന്ന് ഇറ്റലിയിലെ റവെന്നയിലേക്ക് ചോളം കൊണ്ടുപോകുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ച കപ്പല്‍ പിന്നീട് മുങ്ങി. റൊമാനിയയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ സെന്റ് ജോര്‍ജ് മുനമ്പില്‍നിന്ന് ഏകദേശം 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ബുക്കറസ്റ്റിലെ ഇന്ത്യന്‍ എംബസിയും പിന്നീട് സ്ഥിരീകരിച്ചു. നിഷ്പക്ഷ ജലമേഖലയില്‍ കപ്പലിന് നേരെ രണ്ട് റഷ്യന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയതായാണ് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ആരോപിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന പനാമ പതാകയുള്ള എണ്ണക്കപ്പല്‍ എംടി ഓണ്‍ പീസ്-ന് നേരെയുണ്ടായ ആക്രമണത്തിലും ഇന്ത്യ പ്രതിഷേധിച്ചു. പ്രോജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഒമാന്‍ അധികൃതരുടെ സഹായത്തോടെ കപ്പലില്‍നിന്ന് ഒഴിപ്പിച്ച് ഖസബിലേക്ക് മാറ്റി. ഇവര്‍ക്ക് അവിടെ ചികിത്സ നല്‍കിവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിലും ചികിത്സാ സഹായം നല്‍കുന്നതിലും ഒമാന്‍ അധികൃതര്‍ നല്കിയ പിന്തുണയ്ക്ക് ഇന്ത്യ നന്ദി അറിയിച്ചു.
മേഖലയിലെ കപ്പലുകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വാണിജ്യ കപ്പലുകളെയും നാവികരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ നാവിഗേഷനും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വാണിജ്യ കപ്പലുകള്‍ക്കും നാവികര്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ന്യൂഡല്‍ഹി വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പല്‍ ഗതാഗതം ലക്ഷ്യമിടുന്നത് ആഗോള വ്യാപാരത്തെയും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംവാദവും നയതന്ത്ര നീക്കങ്ങളും ശക്തമാക്കണമെന്നും ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.
അതേസമയം, കപ്പല്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയും ലൈബീരിയയും ചേര്‍ന്ന് 25 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 'ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് ഓണ്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓഫ് ഷിപ്പിംഗ് ആന്‍ഡ് സീഫാരേഴ്സ്' എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. വാണിജ്യ കപ്പല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
കരിങ്കടലിലും ഹോര്‍മുസ് മേഖലയിലും കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഈ വര്‍ഷം സമാനമായ നിരവധി സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
