38 പേരുടെ ജീവനെടുത്ത അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ദുരന്തത്തിനു പിന്നില്‍ റഷ്യതന്നെയെന്ന് ആരോപിച്ച് അസര്‍ബൈജാന്‍. തകര്‍ച്ചയിലേക്ക് വീഴുന്നതരത്തില്‍ വിമാനത്തിനു കേടുപാടുകള്‍ ഉണ്ടാക്കിയത് റഷ്യയുടെ ഭാഗത്തുനിന്നുള്ള വെടിവെപ്പാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം മറച്ചുവക്കാനാണ് റഷ്യ ശ്രമിച്ചതെന്നും എത്രയും വേഗം ദുരന്തത്തില്‍ റഷ്യ കുറ്റസമ്മതം നടത്തണമെന്നും അലിയേവ് ആവശ്യപ്പെട്ടു.
67 യാത്രക്കാരില്‍ 38 പേര്‍ കൊല്ലപ്പെട്ട അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ മറച്ചുവെക്കാന്‍ റഷ്യയിലെ ചില വൃത്തങ്ങള്‍ ശ്രമിച്ചതില്‍ തനിക്ക് ദുഖവും പ്രയാസവുമുണ്ട്. പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളും ദുരന്തത്തിനു പിന്നാലെ സൃഷ്ടിക്കപ്പെട്ടെന്നും അലിയേവ്. കാരണങ്ങളും തെറ്റുകളും മറച്ചുവക്കാനായി റഷ്യ തിടുക്കം കാട്ടുന്നതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അസര്‍ബൈജന്‍ പറയുന്നു.
റഷ്യ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാജ്യത്തിനും ഇരകളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും വിമാനം തകര്‍ത്തതിന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ തൃപ്തിപ്പെടുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ അസര്‍ബൈജാന്‍ ക്രെംലിനിന് നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഞായറാഴ്ച പറഞ്ഞു.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് റഷ്യന്‍ മേഖലയില്‍വച്ചാണെന്നാണ് അസര്‍ബൈജാന്‍ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ കാരണമാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും ടെയില്‍ ഭാഗത്തിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതെന്നും പ്രസിഡന്റ് ആവര്‍ത്തിക്കുന്നു. വിമാനത്തിന്റ നിയന്ത്രണം നഷ്ടപ്പെടുന്നതിനു മുന്‍പ് മൂന്നുതവണ സ്‌ഫോടനശബ്ദം കേട്ടെന്ന് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരും വെളിപ്പെടുത്തിയിരുന്നു.
അതേസമയം റഷ്യന്‍ മേഖലയില്‍ നിന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പക്ഷേ അപകടത്തില്‍ റഷ്യയുടെ പങ്കുണ്ടെന്ന ആരോപണം തള്ളുകയായിരുന്നു.
റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ നടന്ന 'ദാരുണമായ സംഭവത്തില്‍' റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ശനിയാഴ്ച ഫോണ്‍ കോളില്‍ അസെറി നേതാവിനോട് ക്ഷമ ചോദിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഞായറാഴ്ച അലിയേവ് പറഞ്ഞു. ഇരു നേതാക്കളും ഞായറാഴ്ച വീണ്ടും സംസാരിച്ചു.
റഷ്യയും മുന്‍ സോവിയറ്റ് പ്രദേശങ്ങളിലെ നേതാക്കളും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നായാണ് ഈ കുറ്റപ്പെടുത്തലുകള്‍ കണക്കാക്കുന്നത്. ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം ഈ മേഖലയില്‍ മോസ്‌കോയുടെ ശക്തിയും സ്വാധീനവും കുറയുന്നതായി ഈ തര്‍ക്കം വ്യക്തമാക്കുന്നു.
റഷ്യയുമായുള്ള അസര്‍ബൈജാന്റെ ബന്ധത്തെ ദീര്‍ഘകാലമായി നിയന്ത്രിക്കുന്ന ബഹുമാനവും നയതന്ത്രവും ഞായറാഴ്ചത്തെ അലിയേവിന്റെ പരാമര്‍ശങ്ങളില്‍ ഇല്ലായിരുന്നു. റഷ്യന്‍ ഇലക്ട്രോണിക് ഇടപെടലുകളും ഭൂമിയില്‍ നിന്നുള്ള വെടിവയ്പുമാണ് അപകടത്തിന് കാരണമായതെന്ന് അലിയേവ് പറഞ്ഞു. പക്ഷികള്‍ വിമാനത്തില്‍ ഇടിച്ചതും, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതുമാകാം അപകടകരാണമെന്ന് ചിത്രീകരിച്ച റഷ്യന്‍ അധികാരികളുടെ വിശദീകരണങ്ങള്‍ വിഡ്ഢിത്തവും സത്യസന്ധതയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
'റഷ്യ പക്ഷം പ്രശ്‌നം മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നു, തീര്‍ച്ചയായും ഇത് ആര്‍ക്കും അഭിമാനിക്കാന്‍ കഴിയാത്ത കാര്യമാണ'- അലിയേവ് പറഞ്ഞു.
റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ നിന്നുള്ള മിസൈല്‍ എംബ്രെയര്‍ 190 വിമാനത്തില്‍ പതിച്ചതായും റഷ്യന്‍ അധികൃതര്‍ അത് റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് തിരിച്ചുവിട്ടതായും അപകടത്തെക്കുറിച്ചുള്ള അസര്‍ബൈജാന്റെ അന്വേഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നു. വിമാനം കാസ്പിയന്‍ കടലിലേക്ക് വീഴുമെന്ന പ്രതീക്ഷയില്‍ റഷ്യ മനപ്പൂര്‍വ്വം വിമാനം വഴിതിരിച്ചുവിട്ടതാണോ എന്ന് അസര്‍ബൈജാന്‍ അന്വേഷിക്കുന്നുണ്ടെന്ന് ഞായറാഴ്ച അലിയേവ് പറഞ്ഞു.
വിമാനാപകടത്തില്‍ റഷ്യയുടെ ദുഖപ്രകടനം മാത്രം പോരാ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം-അസര്‍ബൈജാന്‍ പ്രസിഡന്റ്