ബാക്കു: അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ദുരന്തത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് റഷ്യ അറിയിച്ചതായി അസര്‍ബൈജാന്‍ വ്യക്തമാക്കി. ഡിസംബര്‍ 25നാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് കത്തിയത്. വിമാനത്തിലെ 67 യാത്രക്കാരില്‍ 38 പേര്‍ മരിച്ചിരുന്നു.
അബദ്ധത്തില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അസര്‍ബൈജാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു.
സംഭവത്തില്‍ റഷ്യ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചെങ്കിലും വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തില്‍ ഇടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പാസഞ്ചര്‍ ജെറ്റില്‍ വെടിയുതിര്‍ത്തതായി റഷ്യ സമ്മതിക്കണമെന്ന് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ആവശ്യപ്പെട്ടു. അപകടത്തിന്റെ യഥാര്‍ഥ കാരണം മറയ്ക്കാന്‍ മോസ്‌കോ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. 'അസര്‍ബൈജാനി സിവിലിയന്‍ വിമാനത്തിന് റഷ്യന്‍ പ്രദേശത്തിന് മുകളിലൂടെ പറക്കവെ ഗ്രോസ്‌നി നഗരത്തിന് സമീപമാണ് കേടുപാടുകള്‍ സംഭവിച്ച് നിയന്ത്രണം നഷ്ടപ്പെട്ടത് എന്നതാണ് വസ്തുതയെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് പറഞ്ഞു.
മോസ്‌കോയുടെ പ്രതികരണം 'ഖേദകരവും ആശ്ചര്യകരവുമാണ്' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
''ആദ്യ മൂന്ന് ദിവസങ്ങളില്‍, ചില അസംബന്ധ സിദ്ധാന്തങ്ങളല്ലാതെ ഞങ്ങള്‍ റഷ്യയില്‍ നിന്ന് ഒന്നും കേട്ടില്ല,'' അലിയേവ് പറഞ്ഞു.