ധാക്ക : 2025ല്‍ 7.5 ലക്ഷത്തിലധികം ബംഗ്ലാദേശ് തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയച്ചതായി ബംഗ്ലാദേശ് ബ്യൂറോ ഓഫ് മാന്‍പവര്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് (BMET) അറിയിച്ചു. ഒരു രാജ്യത്തേക്ക് ഒരുവര്‍ഷം അയക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്.
നിലവില്‍ ഏകദേശം 35 ലക്ഷം ബംഗ്ലാദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും, പ്രതിവര്‍ഷം 5 ബില്യണ്‍ ഡോളറിലധികം റിമിറ്റന്‍സ് രാജ്യത്തേക്ക് എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 1970കളില്‍ തുടങ്ങിയ കുടിയേറ്റ പ്രവണതയില്‍ സൗദി ഇപ്പോഴും ബംഗ്ലാദേശ് തൊഴിലാളികളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാണ്.
2025ല്‍ വിദേശത്തേക്ക് പോയ 11 ലക്ഷത്തിലധികം ബംഗ്ലാദേശ് തൊഴിലാളികളില്‍ രണ്ടില്‍ മൂന്നിലധികം പേര്‍ സൗദിയെയാണ് തെരഞ്ഞെടുത്തത്. 2024നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 16 ശതമാനം വര്‍ധനവാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 6.28 ലക്ഷം തൊഴിലാളികളാണ് സൗദിയിലേക്ക് പോയിരുന്നത്.
സൗദി തൊഴില്‍ വിപണിയില്‍ കൂടുതല്‍ കഴിവുള്ള തൊഴിലാളികളെ എത്തിക്കാനാണ് ഇപ്പോള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് BMET അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അശ്രഫ് ഹുസൈന്‍ പറഞ്ഞു. 2023ല്‍ സൗദി ആരംഭിച്ച സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി സൗദിയിലേക്ക് പോയ തൊഴിലാളികളില്‍ മൂന്നിലൊന്ന് പേര്‍ ഇതിനകം ഉള്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മുന്‍പ് പ്രതിമാസം ആയിരം പേരെ മാത്രമേ സര്‍ട്ടിഫൈ ചെയ്യാനായിരുന്നുള്ളൂ. ഇപ്പോള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 28 സൗദി അംഗീകൃത കേന്ദ്രങ്ങള്‍ വഴി പ്രതിമാസം 60,000 വരെ കഴിവുള്ള തൊഴിലാളികളെ സര്‍ട്ടിഫൈ ചെയ്യാന്‍ കഴിയുന്ന നിലയിലേക്കാണ് സംവിധാനം വികസിപ്പിച്ചതെന്നും BMET വ്യക്തമാക്കി.
ഖനനം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് തൊഴിലാളികളെ അയക്കുന്നതിനായി പുതിയ പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, സൗദിയില്‍ ഈ മേഖലയിലെ ആവശ്യകത വലിയതാണെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ സൗദി അറേബ്യയും ബംഗ്ലാദേശും തമ്മില്‍ ഒപ്പുവച്ച പുതിയ തൊഴില്‍ കരാര്‍ തൊഴിലാളികളുടെ സംരക്ഷണം, വേതന സുരക്ഷ, ആരോഗ്യ-ക്ഷേമ സേവനങ്ങള്‍ എന്നിവ ശക്തമാക്കുന്നതാണ്. ഇതോടൊപ്പം, വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി 2026ല്‍ മാത്രം 3 ലക്ഷം വരെ പുതിയ ജോലി അവസരങ്ങള്‍ ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
റെക്കോര്‍ഡ് കുടിയേറ്റം: 2025ല്‍ 7.5 ലക്ഷം ബംഗ്ലാദേശ് തൊഴിലാളികള്‍ സൗദിയിലേക്ക്
