ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍ നിന്നു വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടും. ബംഗ്ലാദേശിലുണ്ടായ കലാപത്തില്‍ 753 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതില്‍ ഹസീനയും അന്നത്തെ ഭരണകൂടത്തിലെ പ്രമുഖരുമാണു പ്രതികളെന്നാരോപിച്ചാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നീക്കം.
വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഹസീനയ്ക്കും അവാമി ലീഗ് നേതാക്കള്‍ക്കുമെതിരെ അറുപതിലേറെ കേസുകളാണു ബംഗ്ലാദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈകാതെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കുമെന്നു ബംഗ്ലാ ഭരണകൂടത്തിലെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസറുള്‍ പറഞ്ഞു. കുറ്റവാളികളായ ഫാസിസ്റ്റുകള്‍ ലോകത്ത് എവിടെ ഒളിച്ചാലും പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നസറുള്‍ അറിയിച്ചു.
എന്നാല്‍ ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് അറസ്റ്റ് വാറന്റിനു തുല്യമല്ലെന്നു വിദഗ്ധര്‍. കുറ്റാരോപിതന്‍ എവിടെയുണ്ടെന്നു കണ്ടെത്താന്‍ ആഗോള നിയമപാലക ഏജന്‍സികളോടുള്ള അഭ്യര്‍ഥന മാത്രമാണത്. കണ്ടെത്തിയാല്‍ ഇവരെ കൈമാറുന്നതിനു ബന്ധപ്പെട്ട രാജ്യത്തോട് നിയമപരമായി അഭ്യര്‍ഥന നടത്തണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയോട് ഉടന്‍ അഭ്യര്‍ഥന നടത്തില്ലെന്ന് മുഹമ്മദ് യൂനുസ് ഒരു ബ്രിട്ടിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നയതന്ത്ര ബന്ധത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് ഒഴിവാക്കാനാണിതെന്നും യൂനൂസ് വ്യക്തമാക്കി.