ധാക്ക: അഗര്‍തലയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ അക്രമിച്ചുകയറിയ സംഭവത്തില്‍ ഇന്ത്യന്‍ ഹൈകമീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഹൈകമീഷണര്‍ പ്രണയ് വര്‍മയെ ചൊവ്വാഴ്ച വൈകീട്ട് വിദേശകാര്യ മന്ത്രാലയം ആക്ടിങ് സെക്രട്ടറിയാണ് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയില്‍ അഭയം തേടിയതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടങ്ങിയ ഭിന്നത അടുത്തിടെ ഹിന്ദു സന്യാസി ചിന്മയ് ദാസ് അറസ്റ്റിലായതോടെ കൂടുതല്‍ മൂര്‍ച്ഛിച്ചിരുന്നു.
ബംഗ്ലാദേശ് സമ്മിളിത സനാതനി ജോട്ടെ വക്താവായിരുന്ന ചിന്മയ് ദാസ് നവംബര്‍ 25നാണ് ധാക്കയിലെ വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റിലായത്. ദേശീയപതാകയെ അപമാനിച്ചെന്നതായിരുന്നു കേസ്. ചിറ്റഗോങ് ജയിലിലുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജനുവരി രണ്ടിലേക്ക് മാറ്റി. ചിറ്റഗോങ് മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി മുമ്പാകെയായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്.
ഇതിന്റെ ഭാഗമായി കോടതി പരിസരത്തും നഗരത്തിലും കനത്തസുരക്ഷ ഒരുക്കിയിരുന്നു. ചിന്മയ് ദാസിന്റെ അറസ്റ്റ് രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജയിലിലടക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിറ്റഗോങ്ങിലെ പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ സംഘര്‍ഷാത്മകമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് വളരുകയാണ്. ഇന്ത്യന്‍ ചാനലുകള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്ച ബംഗ്ലാദേശ് ഹൈകോടതിയില്‍ പരാതി ഫയല്‍ ചെയ്തിരുന്നു. എല്ലാ ഇന്ത്യന്‍ ചാനലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
നാലു പൊലീസുകാര്‍ക്കെതിരെ നടപടി
അഗര്‍തല: ത്രിപുര തലസ്ഥാനത്തുള്ള ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈകമീഷനിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നാലു പൊലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. ബംഗ്ലാദേശില്‍ ഹിന്ദു നേതാവ് ചിന്‍മോയ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതിലും അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ച് തിങ്കളാഴ്ച 'ഹിന്ദു സംഘര്‍ഷ് സമിതി' പ്രവര്‍ത്തകര്‍ നടത്തിയ പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഇവര്‍ അസി.ഹൈകമീഷണര്‍ ഓഫിസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു.
അക്രമാസക്തമായ പ്രതിഷേധത്തെ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അപലപിച്ചു. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെയാണ് മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈ.എസ്.പിയെ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചുവിളിക്കുകയും ചെയ്തതായി വെസ്റ്റ് ത്രിപുര എസ്.പി കിരണ്‍ കുമാര്‍ പറഞ്ഞു.
അക്രമത്തില്‍ കേസെടുത്തിട്ടുണ്ട്. അതിനിടെ, ചിന്‍മോയ് കൃഷ്ണദാസിന്റെ വക്കാലത്ത് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ സുരക്ഷ ബംഗ്ലാദേശ് ഉറപ്പാക്കണമെന്ന് ' ഇസ്‌കോണ്‍' കൊല്‍ക്കത്ത ഘടകം ആവശ്യപ്പെട്ടു. ചിന്‍മോയ് ദാസിന്റെ അഭിഭാഷകന് മര്‍ദനമേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ ആരും വക്കാലത്ത് ഏറ്റെടുക്കാന്‍ മുന്നോട്ടുവരാത്ത സാഹചര്യമുണ്ടെന്ന് 'ഇസ്‌കോണ്‍' വക്താവ് രാധാരമണ്‍ ദാസ് പറഞ്ഞു.
ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ അക്രമിച്ചുകയറിയ സംഭവത്തില്‍ ഇന്ത്യന്‍ ഹൈ കമീഷണറെ വിളിച്ചുവരുത്തി