ബ്രസല്‍സ് : ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ലൈംഗിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ ഇക്കാലത്തും പൊതു സമൂഹം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വിവിധയിടങ്ങളില്‍ നിരവധിയായ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇക്കൂട്ടര്‍ വിധേയരാവുന്നുണ്ട്. എന്നാല്‍ പുതിയ നിയമത്തിലൂടെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ബെല്‍ജിയം.
ഇനി മുതല്‍ രാജ്യത്തെ ലൈംഗികത്തൊഴിലാളികള്‍ക്ക് ഔപചാരിക തൊഴില്‍ കരാറുകളില്‍ ഒപ്പിടാനും മറ്റ് തൊഴിലുകളില്‍ ഉള്ളവര്‍ക്ക് തുല്യമായി തൊഴില്‍ അവകാശങ്ങള്‍ നേടാനും കഴിയും. ലൈംഗികത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, ശമ്പളത്തോടുകൂടിയ അവധി, പ്രസവാനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം.
ലോകത്ത് ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യരാജ്യമാണ് ബെല്‍ജിയം. രാജ്യത്ത് 2022-ല്‍ ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കിയിരുന്നു. മറ്റ് തൊഴിലാളികളെ പോലെ ലൈംഗിക തൊഴിലാളികളെയും കാണണമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ബെല്‍ജിയത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
ഇതിന് പിന്നാലെയുണ്ടായ രാജ്യത്തിന്റെ പുതിയ തീരുമാനത്തെ പുരോഗമനപരമായ നടപടി എന്നാണ് വിവിധ സന്നദ്ധ സംഘടനകള്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിയപ്പോള്‍, ബെല്‍ജിയത്തെ പോലെ സമഗ്രമായ തൊഴില്‍ സംരക്ഷണം ആരും നടപ്പാക്കിയിട്ടില്ല.
ഇതൊരു അവിശ്വസനീയമായ മുന്നേറ്റമാണെന്ന് നിയമനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഭിഭാഷക ഗ്രൂപ്പായ എസ്പേസ് പിയുടെ കോര്‍ഡിനേറ്റര്‍ ഇസബെല്ലെ ജറാമില്ലോ പറഞ്ഞു. ഇതിന്റെ അര്‍ഥം അവരുടെ തൊഴില്‍ ഒടുവില്‍ ബെല്‍ജിയം ഭരണകൂടം നിയമാനുസൃതമായി അംഗീകരിച്ചുവെന്നാണ്. തൊഴിലുടമയുടെ വീക്ഷണകോണിലും ഇതു ഒരു വിപ്ലവമായിരിക്കും.
ലൈംഗികത്തൊഴിലാളികളെ നിയമിക്കുന്നതിനായി ഇനി മുതല്‍ക്ക് അവര്‍ക്ക് അനുമതി ആവശ്യമായി വരും. ഇതൊടൊപ്പം അവര്‍ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മനുഷ്യക്കടത്തുള്‍പ്പെടെയുള്ളവയ്ക്ക് ഇതു കാരണമാകുമെന്ന ഒരു മറുവാദവും ഉയരുന്നുണ്ട്.
ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ അനുവദിച്ച് ബെല്‍ജിയം