റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണത്തെ അപലപിച്ച് യുഎസ്

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണത്തെ അപലപിച്ച് യുഎസ്


വാഷിംഗ്ടണ്‍: റഷ്യന്‍- ഉത്തരകൊറിയന്‍ നേതാക്കളുടെ ഉച്ചകോടിക്കും ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധമേഖലയിടക്കം കരാറുകള്‍ ഒപ്പുവെച്ചതിനും പിന്നാലെ കൂട്ടായ്മയ്‌ക്കെും സഹകരണത്തിനും എതിരെ അമേരിക്ക.
 അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ശക്തമായ ബന്ധമാണുള്ളതെന്നും, ഈ സഖ്യം നിലവിലുള്ളത് പോലെ മുന്നോട്ട് പോകുമെന്നും  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി ചോ തേ യുലുയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് അദ്ദേഹം രാജ്യത്തിന്റെ തീരുമാനം അറിയിച്ചത്. തുടര്‍ന്നും ദക്ഷിണ കൊറിയയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

പ്യോങ്യാങ്ങില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും പ്രതിരോധത്തിലും മറ്റ് മേഖലകളിലും തങ്ങളുടെ സഹകരണം സംബന്ധിച്ചുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ബ്ലിങ്കനും ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി ചോ തേ-യുലും തമ്മിലുള്ള സംഭാഷണം നടന്നത്.

''യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഒന്നിലധികം പ്രമേയങ്ങള്‍ ലംഘിക്കുന്ന തുടര്‍ച്ചയായ ആയുധ കൈമാറ്റങ്ങള്‍ ഉള്‍പ്പെടെ, ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൈനിക സഹകരണത്തെ സെക്രട്ടറി അപലപിച്ചു, കൂടാതെ ലോകമെമ്പാടുമുള്ള സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ യുഎസ്-ദക്ഷിണ കൊറിയ സഖ്യത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു,'' വക്താവ് മാത്യു മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തരകൊറിയ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കാനും, ദക്ഷിണ ചൈനാ കടലിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും അമേരിക്കയും ദക്ഷിണ കൊറിയയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ആന്റണി ബ്ലിങ്കന്‍ പറയുന്നു. ഉക്രെയ്ന് ദക്ഷിണ കൊറിയ നല്‍കുന്ന പിന്തുണയ്ക്ക് ചോ തേ യുലുയുവിന് ആന്റണി ബ്ലിങ്കന്‍ നന്ദി അറിയിച്ചു.