ധാക്ക: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ ബംഗ്ലാദേശ് പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജീവന്‍ രക്ഷിച്ചത് ഇന്ത്യയില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണെന്ന് പുതിയ പുസ്തകമായ 'ഇന്‍ഷാ അല്ലാഹ് ബംഗ്ലാദേശ്: ദ സ്റ്റോറി ഓഫ് ആന്‍ അണ്‍ഫിനിഷ്ഡ് റിവല്യൂഷന്‍' വെളിപ്പെടുത്തുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2024 ഓഗസ്റ്റ് 5-ന് ഉച്ചയ്ക്ക് 1.30-ഓടെ ഇന്ത്യയില്‍ നിന്നാണ് ഫോണ്‍ വന്നത്. അതിനു തൊട്ടുപിന്നാലെ ഹസീന ധാക്കയിലെ തേജ്ഗാവ് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് പറന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. ജനക്കൂട്ടം മുന്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തുന്നതിന് വെറും 20 മിനിറ്റിനുമുമ്പായിരുന്നു ഈ നീക്കം.
പുസ്തകത്തിന്റെ രചയിതാക്കള്‍ ദീപ് ഹാള്‍ദര്‍, ജയദീപ് മജുമ്ദാര്‍, സാഹിദുല്‍ ഹസന്‍ ഖോകോന്‍ എന്നിവര്‍ എഴുതുന്നത് പ്രകാരം ഇന്ത്യന്‍ വ്യോമയാന അധികാരികള്‍ ഹസീനയെ കൊണ്ടുപോകുന്ന ഏതെങ്കിലും വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എങ്കിലും ബംഗ്ലാദേശ് സേനാ മേധാവി വാക്കര്‍ ഉസ്-സമാനും വ്യോമസേനാ മേധാവിയും ഹസീനയെ രക്ഷപ്പെടുന്ന കാര്യം സമ്മതിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
പിന്നീട് ഹസീനയുടെ മകന്‍ സജീബ് വാജിദിനെ അമേരിക്കയില്‍ വിളിച്ചാണ് അമ്മയെ ഇന്ത്യയിലേക്ക് പറക്കാന്‍ അഭ്യര്‍ഥിച്ചത്. രാജ്യം വിട്ടോടുന്നതിനെക്കാള്‍ മരിക്കുക തന്നെയാണ് നല്ലത് എന്ന നിലപാടിലായിരുന്നു ഹസീനയെന്നും പുസ്തകം പറയുന്നു. മകനോട് അവര്‍ ഈ മറുപടിയാണ് നല്‍കിയത്.
പിന്നാലെ ഹസീനയ്ക്ക് പരിചിതനായ ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് സംസാരിച്ചതായും പുസ്തകത്തില്‍ പറയുന്നു. ഇപ്പോള്‍ സമയം വൈകിയതായും ഉടന്‍ പുറപ്പെട്ടില്ലെങ്കില്‍ താങ്കള്‍ കൊല്ലപ്പെടുമെന്ന് ഇന്ത്യയിലെ വ്യക്തി പറഞ്ഞതായും പുസ്തകത്തിലുണ്ട്. എന്നിട്ടും രക്ഷപ്പെടാനുള്ള തീരുമാനമെടുക്കാന്‍ ഹസീന അരമണിക്കൂര്‍ സമയമെടുത്തതായി പുസ്തകം പറയുന്നു.
ഉച്ചയ്ക്ക് 2.42-ന് ഹെലികോപ്റ്റര്‍ തേജ്ഗാവില്‍ നിന്ന് പറന്നുയര്‍ന്ന് മേഘാവൃതമായ ആകാശത്തിലൂടെ വെസ്റ്റ് ബംഗാളിലെ മാല്‍ഡയ്ക്കു മുകളില്‍ ഇന്ത്യന്‍ വ്യോമപാതയില്‍ പ്രവേശിച്ചതായും പറക്കലിനിടെ ചെറിയ മഴയുണ്ടായതായും പുസ്തകം പറയുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീനയെ സംബന്ധിച്ച ഈ വെളിപ്പെടുത്തല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.
