വാഷിംഗ്ടൺ: ഇറാനുമായി വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ശക്തമായ ഭിന്നത ഉയർന്നു. ചിലർ സമാധാന ശ്രമത്തെ സ്വാഗതം ചെയ്തപ്പോൾ, മറ്റുചിലർ ഇത് യാതൊരു മാറ്റവും വരുത്തില്ലെന്നും ട്രംപിന്റെ സമീപനം അപകടകരമാണെന്നും വിമർശിച്ചു.
ട്രംപ് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ വെറും 90 മിനിറ്റ് മുമ്പാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്. ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ 'മുഴുവൻ സംസ്കാരവും നശിപ്പിക്കും' എന്ന ട്രംപിന്റെ ഭീഷണി ലോകവ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ട്രംപ് തന്റെ 'അർത്ഥശൂന്യമായ ഭീഷണികളിൽ നിന്ന് പിൻവാങ്ങേണ്ടിവന്നതാണ്' എന്ന് സെനറ്റ് നേതാവ് ചക് ഷുമർ പരിഹസിച്ചു. ട്രംപിനെ 'അത്യന്തം അസ്വസ്ഥമായ വ്യക്തി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം , അനാവശ്യമായ യുദ്ധത്തിലേക്ക് അമേരിക്കയെ നയിയാൾ എന്നും ആരോപിച്ചു.
ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകേസിയോ കോർടെസ് വെടിനിർത്തൽ 'ഒന്നും മാറ്റുന്നില്ല' എന്ന് പ്രതികരിച്ചു. ഇറാൻ ജനതക്കെതിരെ ട്രംപ് ഭീഷണി തുടരുകയാണെന്നും, അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് ട്രംപിന്റെ നടപടിയെ 'നിയന്ത്രണം വിട്ടതും, പ്രസിഡന്റിന് യോജിക്കാത്തതും ഉത്തരവാദിത്വമില്ലാത്തതും' എന്നാണ് വിശേഷിപ്പിച്ചത്. യാതൊരു വ്യക്തമായ പദ്ധതിയോ ലക്ഷ്യമോ ഇല്ലാതെ അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിയതായും അദ്ദേഹം ആരോപിച്ചു.
ട്രംപിന്റെ മുൻ പിന്തുണക്കാരായ മാർജറി ടെയ്ലർ ഗ്രീനി, കാൻഡേസ് ഓവൻസ് എന്നിവർ പോലും ട്രംപിന്റെ പ്രസ്താവനകളെ 'ദുഷ്ടതയും ഭ്രാന്തും' എന്നാണ് വിശേഷിപ്പിച്ചത്.
ഇതിനിടെ, റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ നീക്കത്തെ പിന്തുണച്ചു. വെടിനിർത്തൽ 'മികച്ച വാർത്ത'യാണെന്നും, ശക്തമായ നേതൃത്ത്വത്തിന്റെ ഉദാഹരണമാണെന്നും സെനറ്റർ റിക് സ്കോട്ട് പറഞ്ഞു.
അതേസമയം, നയതന്ത്ര മാർഗ്ഗത്തിലൂടെ ഇറാനിലെ 'ഭീകര ഭരണത്തെ അവസാനിപ്പിക്കാനാകുമെന്ന്' സെനറ്റർ ലിൻഡ്സി ഗ്രഹാം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്കിൽ നടന്ന ആക്രമണം ലോക വ്യാപാര സ്വാതന്ത്ര്യത്തിന് തിരിച്ചടിയായിരുന്നുവെന്നും, ഇത്തരം നടപടികൾക്ക് ഇറാന് പ്രതിഫലം നൽകാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ താൽക്കാലികമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും, അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ വിദേശനയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കൂടുതൽ ശക്തമാകുന്നതാണ് ഇപ്പോഴത്തെ സൂചന.
ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം: ട്രംപിനെതിരെ അമേരിക്കൻ രാഷ്ട്രീയത്തിൽ ഭിന്നത ശക്തം
