തായ്‌വാന് സൈനിക സഹായം ചെയ്യാനുള്ള യുഎസ് നീക്കം തീക്കളിയെന്ന് ചൈന

തായ്‌വാന് സൈനിക സഹായം ചെയ്യാനുള്ള യുഎസ് നീക്കം തീക്കളിയെന്ന് ചൈന


ബീജിങ്: തായ്വാന് സൈനിക സഹായം ചെയ്യുന്ന അമേരിക്കക്കെതിരെ ഭീഷണിയുമായി ചൈന. അമേരിക്ക തീ കൊണ്ടു കളിക്കുകയാണെന്നും നടപടിക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. തായ്വാന് 571 മില്യണിന്റെ സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നല്‍കാനുള്ള കരാറിന് ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ചൈനയുടെ രൂക്ഷമായ പ്രതികരണം. ചൈനയുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥക്കും എതിരെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങളുടെ വില്‍പ്പനക്കും അമേരിക്ക അംഗീകാരം നല്‍കിയിരുന്നു.
23 ദശലക്ഷം ജനസംഖ്യയുള്ള തായ്വാനെ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രവിശ്യയായിട്ടാണ് ചൈന കരുതുന്നത്. തായ്വാന്റെ പരമാധികാരം ആവശ്യപ്പെട്ട് ചൈന നിരന്തരം ദ്വീപിനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ചൈന ഒരാക്രമണം നടത്തുകയാണെങ്കില്‍ അതിനെതിരെ പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്വാന് സൈനികസഹായം നല്‍കുന്നത്. മുമ്പ് ചൈനീസ് ഭീഷണി രൂക്ഷമായപ്പോള്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ തായ് വാന് കവചം തീര്‍ത്ത് ചൈനീസ് കടലില്‍ നങ്കൂരമിട്ടിരുന്നു.