എഐയിൽ ആഗോള സഹകരണം വേണം; ഒരു രാജ്യത്തിന്റെ ആധിപത്യം അംഗീകരിക്കില്ലെന്ന് ഷി ജിൻപിങ്

എഐയിൽ ആഗോള സഹകരണം വേണം; ഒരു രാജ്യത്തിന്റെ ആധിപത്യം അംഗീകരിക്കില്ലെന്ന് ഷി ജിൻപിങ്


ഷാങ്ഹായ്: കൃത്രിമ ബുദ്ധി (എഐ) രംഗത്ത് ഒരു രാജ്യം മാത്രം ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യം ഒഴിവാക്കി ആഗോള സഹകരണം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഷാങ്ഹായിൽ നടന്ന ലോക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, എഐ സാങ്കേതികവിദ്യയിൽ അമേരിക്കൻ കമ്പനികൾ സ്വീകരിക്കുന്ന അടച്ച സമീപനത്തിനെതിരെയുള്ള വിമർശനമായാണ് അദ്ദേഹത്തിന്റെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.

എഐ വികസനം ഒരു രാജ്യത്തിന്റെ മാത്രം പ്രകടനമാകരുത്. ലോക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന സഹകരണത്തിന്റെ മാതൃകയായിരിക്കണം അത്. ഈ രംഗത്ത് കൂടുതൽ തുറന്ന സമീപനം സ്വീകരിക്കാനും പ്രായോഗിക നടപടികളുമായി മുന്നോട്ട് പോകാനും ചൈന തയ്യാറാണെന്നും ഷി ജിൻപിങ് പറഞ്ഞു.

ഓപ്പൺ സോഴ്‌സ് എഐ വികസനത്തിന് ചൈന വലിയ പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. സമ്മേളനത്തിന്റെ ആദ്യദിനത്തിൽ തന്നെ ബെയ്ജിങ് ആസ്ഥാനമായ മൂൺഷോട്ട് കമ്പനി ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എഐ മോഡലാണെന്ന് അവകാശപ്പെടുന്ന കിമി കെ3 അവതരിപ്പിച്ചു. നേരത്തേ ഡീപ്‌സീക്കും ഇസഡ്.എഐയുടെ ജിഎൽഎം 5.2 മോഡലും ശ്രദ്ധ നേടിയിരുന്നു. ഇതോടെ ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ അമേരിക്കൻ എഐ മോഡലുകളുമായുള്ള സാങ്കേതിക അന്തരം വേഗത്തിൽ കുറയുകയാണെന്നാണ് വിലയിരുത്തൽ.

അതേസമയം, അമേരിക്കയിലെ പ്രമുഖ എഐ കമ്പനികളായ ഓപ്പൺഎഐയും ആന്ത്രോപിക്കും അവരുടെ ഏറ്റവും പുതിയ മോഡലുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്ത നയമാണ് പിന്തുടരുന്നത്. ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയാണ് ഈ കമ്പനികൾ ഓപ്പൺ സോഴ്‌സ് മോഡലുകളെ എതിർക്കുന്നത്.

എഐ രംഗത്തെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനായി വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (WAICO) എന്ന പുതിയ കൂട്ടായ്മയും ചൈന പ്രഖ്യാപിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ ഉൾപ്പെടെ 29 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്. ആഗോള തെക്കൻ രാജ്യങ്ങൾക്ക് എഐ നയരൂപീകരണത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കി.

എഐ സുരക്ഷയ്ക്കും ഷി ജിൻപിങ് പ്രത്യേക പ്രാധാന്യം നൽകി. മനുഷ്യന്റെ നിയന്ത്രണത്തിൽ തന്നെ എഐ സംവിധാനങ്ങൾ തുടരണമെന്നും നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകരുതൽ സംവിധാനങ്ങളും അടിയന്തര പ്രതികരണ സംവിധാനങ്ങളും രാജ്യങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനോന്മുഖ രാജ്യങ്ങൾക്കായി 5,000 എഐ പരിശീലന അവസരങ്ങൾ ഒരുക്കുമെന്നും ചൈന പ്രഖ്യാപിച്ചു.

അതേസമയം, തുറന്ന സമീപനം പ്രഖ്യാപിച്ചെങ്കിലും അതിന് ചില നിയന്ത്രണങ്ങളും ചൈന പരിഗണിക്കുന്നുണ്ട്. ദേശീയ സുരക്ഷയെ മുൻനിർത്തി രാജ്യത്തെ ഏറ്റവും പുരോഗമിച്ച ചില എഐ മോഡലുകളിലേക്കുള്ള വിദേശ ഉപയോക്താക്കളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ചൈന പരിശോധിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ചൈനയുടെ ഓപ്പൺ സോഴ്‌സ് നയത്തിനും ദേശീയ സുരക്ഷാ താൽപര്യങ്ങൾക്കും ഇടയിലെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.