ലോകത്തെ 39 രാജ്യങ്ങളിലായി സംഘര്‍ഷ മേഖലകളില്‍ 100 കോടി ജനങ്ങള്‍ അതി ദാരിദ്ര്യം അനുഭവിക്കുന്നു

ലോകത്തെ 39 രാജ്യങ്ങളിലായി സംഘര്‍ഷ മേഖലകളില്‍ 100 കോടി ജനങ്ങള്‍ അതി ദാരിദ്ര്യം അനുഭവിക്കുന്നു


വാഷിംഗ്ടണ്‍: ലോകത്തെ 39 രാജ്യങ്ങളിലായുള്ള സംഘര്‍ഷ മേഖലകളില്‍ അതി ദാരിദ്ര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷമോ അസ്ഥിരതയോ നേരിടുന്നു എന്ന രേഖപ്പെടുത്തുന്ന 39 സമ്പദ് വ്യവസ്ഥകളില്‍ 21 എണ്ണം സജീവ സംഘര്‍ഷ മേഖലയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു എന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നൂറ് കോടിയില്‍ അധികം പേരുടെ വരുമാനത്തെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ സാഹചര്യം ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 'മറ്റെല്ലായിടത്തേക്കാളും വേഗത്തില്‍ കടുത്ത ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നു', എന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു.

റഷ്യ യുെ്രെകയ്ന്‍ യുദ്ധം, ഇസ്രയേലിന്റെ ഗാസ ആക്രമണം എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 39 വികസ്വര രാജ്യങ്ങള്‍ ഭരണപരമായ അസ്ഥിരതയും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും മൂലം വലയുകയാണ്. ഇത്തരം മേഖലകള്‍ വികസന മുന്നേറ്റത്തിനാവശ്യമായ ശക്തമായതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഭരണ സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്ന വിധത്തില്‍ ഇടപെടല്‍ ആവശ്യമാണെന്നും ലോകബാങ്ക് വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍2020 മുതല്‍ ദേശീയ വരുമാനത്തിന്റെ തോത് പ്രതിവര്‍ഷം ശരാശരി 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളില്‍ ദേശീയ 2.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സംഘര്‍ഷങ്ങള്‍, അസ്ഥിരതകള്‍ എന്നിവ നേരിടുന്ന രാജ്യങ്ങളിലെ 421 ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം 3 ഡോളറില്‍ താഴെ മാത്രമാണ് വരുമാനം. 2030 ആകുമ്പോഴേക്കും ഈ കണക്ക് 435 ദശലക്ഷമായി ഉയരും. അതായത് ലോകത്ത് അതിദരിദ്രരുടെ എണ്ണം അറുപത് ശതമാനം ഉയരും.

ലോകത്ത് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും വലിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 2000 നും 2004 നും ഇടയില്‍ ഏകദേശം 50,000 ആയിരുന്നു ഈ കണക്കുകള്‍. 2014 ല്‍ കണക്ക് 150,000 ത്തിലേക്ക് ഉയര്‍ന്നു. കോവിഡ് മഹാമാരിക്ക് ശേഷം മരണങ്ങളുടെ എണ്ണം ശരാശരി 200,000 ആയി, 2022 ല്‍ മൂന്ന് ലക്ഷത്തിലധികമാണ് ഈ നിരക്ക്.