വടക്കന്‍ സൈപ്രസിന് സമീപം ഫെറി മറിഞ്ഞു; ഏഴ് പേര്‍ മരിച്ചു, 23 പേരെ കാണാതായി

വടക്കന്‍ സൈപ്രസിന് സമീപം ഫെറി മറിഞ്ഞു; ഏഴ് പേര്‍ മരിച്ചു, 23 പേരെ കാണാതായി


നിക്കോഷ്യ: വടക്കന്‍ സൈപ്രസിന് സമീപം യാത്രാഫെറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 23 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ സൈപ്രസില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോകുകയായിരുന്ന ഫെറിയില്‍ ഏകദേശം 270 പേരാണ് ഉണ്ടായിരുന്നത്.

അപകടത്തെ തുടര്‍ന്ന് 237 പേരെ രക്ഷപ്പെടുത്തിയതായി സൈപ്രസ് പ്രധാനമന്ത്രി ഉനാല്‍ ഉസ്തല്‍ അറിയിച്ചു. കാണാതായ 23 പേര്‍ക്കായി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

'237 പേരെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ട ഏഴ് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ഇത് ഏറെ ദുഃഖകരമാണ്,' തുര്‍ക്കിഷ് സൈപ്രിയറ്റ് നേതാവ് തുഫാന്‍ എര്‍ഹുര്‍മാനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടുത്തിയവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കന്‍ സൈപ്രസിലെ കിറേനിയ തുറമുഖത്തുനിന്ന് ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള ഫെറിയില്‍ 259 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അജ്ഞാത കാരണത്താല്‍ ഫെറിയില്‍ വെള്ളം കയറിത്തുടങ്ങിയതോടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

വടക്കന്‍ സൈപ്രസില്‍നിന്നുള്ള നാല് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും ഒരു യാത്രാക്കപ്പലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രണ്ട് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറക്കിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി കുര്‍ത്തുല്‍മുഷ് എക്‌സില്‍ കുറിച്ചു. അങ്ങേയറ്റം ദാരുണമായ ഈ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ മറിഞ്ഞുകിടക്കുന്ന ഫെറിയുടെ മുകളില്‍ ചുവന്ന ലൈഫ് ജാക്കറ്റുകള്‍ ധരിച്ച ആളുകള്‍ ഇരിക്കുന്നതും നില്‍ക്കുന്നതും കാണാമായിരുന്നു. ഇവരെ കരയിലെത്തിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും സ്വകാര്യ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു.