മക്ക കരാറിന് കീഴില്‍ ആദ്യ പ്രതിരോധ സമിതി യോഗം; തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ പങ്കെടുക്കും

മക്ക കരാറിന് കീഴില്‍ ആദ്യ പ്രതിരോധ സമിതി യോഗം; തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ പങ്കെടുക്കും


ഇസ്താംബുള്‍: ഈ മാസം ആദ്യം ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ആദ്യ തന്ത്രപ്രധാന രാഷ്ട്രീയ- പ്രതിരോധ സമിതി യോഗം ചേരും. ആഗസ്റ്റ് 31 തിങ്കളാഴ്ച ഇസ്താംബൂളിലാണ് യോഗം നടക്കുക. രാജ്യാന്തര സുരക്ഷാ വിഷയങ്ങള്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍, ദേശീയ പ്രതിരോധ മന്ത്രി യാഷര്‍ ഗുലര്‍, ജനറല്‍ സ്റ്റാഫ് മേധാവി ജനറല്‍ സെല്‍ചുക്ക് ബൈരക്തറോഗ്ലു എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍, ഫെഡറല്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവര്‍ പങ്കെടുക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍, ജനറല്‍ സ്റ്റാഫ് മേധാവി ജനറല്‍ ഫയ്യാദ് ബിന്‍ ഹാമിദ് അല്‍ റുവൈലി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, സായുധ സേനകള്‍ തമ്മിലുള്ള ഏകോപനവും പരസ്പര പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തല്‍, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംയുക്തമായി ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സഹകരണ സാധ്യതകളും പരിഗണിക്കും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയുടെ ഭാഗമാകും.

സംയുക്ത പ്രവര്‍ത്തന മേഖലകളില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ഭരണ സംവിധാനവും അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റും മറ്റ് ആവശ്യമായ സംവിധാനങ്ങളും രൂപീകരിക്കുന്നതും യോഗം പരിഗണിക്കും. വരും കാലയളവില്‍ നടപ്പാക്കേണ്ട നടപടികള്‍ക്കായുള്ള റോഡ്മാപ്പിനും യോഗം രൂപം നല്‍കും.

ആഗസ്റ്റ് 7നാണ് തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നിവര്‍ മക്ക സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. മേഖലയില്‍ പങ്കിടുന്ന ഉത്തരവാദിത്തബോധവും വര്‍ധിച്ചുവരുന്ന ആഗോള അസ്ഥിരതയും കണക്കിലെടുത്താണ് കരാര്‍ രൂപീകരിച്ചതെന്നാണ് വിലയിരുത്തല്‍.

നേറ്റോയുടെ കൂട്ടായ പ്രതിരോധ വ്യവസ്ഥയ്ക്ക് സമാനമായ വ്യവസ്ഥയും കരാറിലുണ്ട്. കരാറിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് വ്യവസ്ഥ.