കാഠ്മണ്ഡു: ത്രിശൂലി താഴ്വരയില്‍ അതിശക്തമായ മിന്നല്‍പ്രളയം നാശം വിതച്ചപ്പോള്‍ സ്‌കൂളിലുണ്ടായിരുന്ന 1,643 കുട്ടികളെ സുരക്ഷിതരായി രക്ഷപ്പെടുത്തി പ്രിന്‍സിപ്പല്‍ രാജേന്ദ്ര ദവാഡി. ബുധനാഴ്ച രാവിലെ 9.20ഓടെയാണ് ഗ്രാമം നദിയെടുത്തുപോയെന്നും ഉടന്‍ ഓടിരക്ഷപ്പെടണമെന്നും സുഹൃത്ത് രാജേന്ദ്ര ദവാഡിയെ ഫോണില്‍ അറിയിച്ചത്.
47കാരനായ ഇംഗ്ലീഷ് അധ്യാപകനായ ദവാഡി നേപ്പാളിലെ ത്രിശൂലി താഴ്വരയിലുള്ള ത്രിഭുവന്‍ ത്രിശൂലി സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. സ്‌കൂളിന്റെ മൂന്ന് നില കെട്ടിടത്തിലും പരിസരത്തുമായി 1,643 കുട്ടികളാണ് അന്ന് ഉണ്ടായിരുന്നത്. മഞ്ഞും പാറയും ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ കുത്തൊഴുക്ക് മലനിരകളിലെ നദിയിലൂടെ പാഞ്ഞെത്തിയതോടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ടിവന്നു.
അടിയന്തര ഒഴിപ്പിക്കലിന് നിര്‍ദേശം
സ്‌കൂള്‍ സുരക്ഷിതമായ സ്ഥലത്താണെന്നായിരുന്നു ദവാഡിയുടെ ആദ്യ ധാരണ. നദിയില്‍നിന്ന് ഏകദേശം 60 മീറ്റര്‍ ഉയരത്തിലായിരുന്നു കോണ്‍ക്രീറ്റ് കെട്ടിടം. ഗ്രാമത്തെ കിഴക്കന്‍ തീരവുമായി ബന്ധിപ്പിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ ഏതാണ്ട് അതേ ഉയരത്തിലായിരുന്നു സ്‌കൂളും.
എന്നാല്‍ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണെന്ന മുന്നറിയിപ്പുമായി ഒരു രക്ഷിതാവ് സ്‌കൂളിലെത്തിയതോടെ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ദവാഡിക്ക് ബോധ്യമായി. ഉടന്‍ സ്‌കൂള്‍ ബെല്‍ മുഴക്കി അധ്യാപകരോട് ക്ലാസ് മുറികളില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെയും ബന്ധപ്പെടുകയും ഒരാള്‍ ഒഴികെയുള്ള എല്ലാവരോടും തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ ബന്ധപ്പെടാന്‍ കഴിയാതിരുന്ന ഒരു ബസ് പാലത്തിലൂടെ കടന്നുപോകുന്നത് ദവാഡി കണ്ടു. അപകടസാധ്യത മനസ്സിലാക്കിയ കുട്ടികള്‍ പരിഭ്രാന്തരായി. ഒരു പെണ്‍കുട്ടിക്ക് പരിഭ്രാന്തി മൂലം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കുന്നിന്‍മുകളിലേക്ക് മാറ്റി. മറ്റുള്ള കുട്ടികള്‍ കാല്‍നടയായി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി. ദവാഡിയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഒടുവില്‍ കുട്ടികള്‍ ബോധിവൃക്ഷത്തിന് സമീപം അഭയം തേടി. ഇതിനിടെ കുത്തൊഴുക്ക് പ്രദേശത്തുകൂടി പാഞ്ഞെത്തി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ത്തു.
ദവാഡിയുടെ സമയോചിതമായ ഇടപെടലാണ് 1,643 കുട്ടികളുടെയും അധ്യാപക ജീവനക്കാരില്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ജീവന്‍ രക്ഷിച്ചത്. സാമൂഹിക ചരിത്ര അധ്യാപകനായ 32കാരന്‍ സാന്റോസ് പരിഹാര്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനായി നദിക്കരയിലെ വാടകമുറിയിലേക്ക് മടങ്ങിയപ്പോഴാണ് കുത്തൊഴുക്കില്‍പ്പെട്ടത്. സ്‌കൂള്‍ ജീവനക്കാരനായ സുല്‍ത്താന്‍ ലാമയും വാതിലുകള്‍ അടയ്ക്കുന്നതിനായി തിരികെ പോയതിനെ തുടര്‍ന്ന് മരിച്ചു.
'ഞാന്‍ മറ്റെന്താണ് ചെയ്യേണ്ടിയിരുന്നത്?'
കുട്ടികളെ സുരക്ഷിതരാക്കിയ ദവാഡിയെ പ്രദേശവാസികള്‍ വീരനായകനായി വാഴ്ത്തുകയാണ്. എന്നാല്‍ പ്രിന്‍സിപ്പല്‍ ഈ പ്രശംസയെ നിസാരവത്കരിക്കുകയാണ്.
'ഞാന്‍ മറ്റെന്താണ് ചെയ്യേണ്ടിയിരുന്നത്?' ചെളിയില്‍ മുങ്ങിയ സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മുന്നില്‍നിന്ന് ദവാഡി ചോദിച്ചു.
ലാങ്ടാങ് ലിരുങ് കൊടുമുടിയില്‍നിന്ന് മഞ്ഞിന്റെയും പാറയുടെയും വലിയൊരു ഭാഗം അടര്‍ന്നുവീണതാണ് മിന്നല്‍പ്രളയത്തിന് കാരണമായത്. ടിബറ്റ് അതിര്‍ത്തിക്ക് സമീപമുള്ള ല്‌ഹെന്‍ഡെ ഖോല നദിയുടെ കുത്തനെയുള്ള മുകള്‍ഭാഗത്തെ മലയിടുക്കിലേക്ക് ഏകദേശം 1,200 മീറ്റര്‍ താഴേക്ക് മഞ്ഞും പാറയും പതിക്കുകയായിരുന്നു.
കാല്‍ഗറി സര്‍വകലാശാലയിലെ ഭൗമരൂപശാസ്ത്രജ്ഞന്‍ ഡാനിയല്‍ ഷുഗര്‍ പറയുന്നതനുസരിച്ച്, അടര്‍ന്നുവീണ മഞ്ഞിന്റെയും പാറയുടെയും വിസ്തീര്‍ണം ഏകദേശം 50 ഏക്കറാണ്. ലണ്ടനിലെ ഗ്രീന്‍ പാര്‍ക്കിന്റെ ഏതാണ്ട് അത്രയും വിസ്തൃതിയാണിത്.
വീണ്ടും ദുരന്തത്തിന്റെ പിടിയില്‍ ത്രിശൂലി താഴ്വര
ത്രിശൂലി താഴ്വരയില്‍ ദുരന്തം വിതയ്ക്കുന്നത് ഇതാദ്യമല്ല. 2015 ഏപ്രിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ദക്ഷിണേഷ്യയിലാകെ 8,962 പേര്‍ മരിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഉണ്ടായ ഹിമപാതത്തില്‍ പ്രളയബാധിത റസുവ ജില്ലയിലുള്ള ലാങ്ടാങ് ഗ്രാമത്തിലെ 300 നിവാസികളും മഞ്ഞിനടിയില്‍പ്പെട്ടു.
ഏറ്റവും പുതിയ ദുരന്തവും ഹിമാലയന്‍ മേഖലയിലെ നിരവധി സമൂഹങ്ങളെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യാപകമായ നാശനഷ്ടങ്ങള്‍ക്കൊപ്പം നിരവധി പേരെ കാണാതാവുകയും വീടുകളും പാലങ്ങളും വൈദ്യുതിനിലയങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയും ചെയ്തു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നേപ്പാളില്‍ 734 പേര്‍ മരിക്കുകയും 2,498 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ടിബറ്റിലെ ഗ്യിറോങ് കൗണ്ടിയില്‍ 16 പേര്‍ മരിക്കുകയും 546 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
