കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കദിവസങ്ങളില്‍ കുവൈത്തിലെ പ്രധാന യു എസ് സൈനിക താവളമായ ക്യാമ്പ് ബ്യൂറിങ്ങിന് നേരെയുണ്ടായ ഇറാന്‍ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ യു എസ് സൈനിക താവളത്തിനും സൈനിക ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ക്യാമ്പില്‍ സൈനികനായി പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സി ബി എസ് ന്യൂസിന് ലഭിച്ചു. ഇറാന്റെ ആയുധങ്ങള്‍ താവളത്തില്‍ പതിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനങ്ങളും കെട്ടിടങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം.
ഫയലുകളില്‍ ഉള്‍പ്പെട്ട മെറ്റാഡാറ്റ പരിശോധിക്കുകയും താവളത്തിലെ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്താണ് ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചതെന്ന് സി ബി എസ് ന്യൂസ് അറിയിച്ചു.
സി ബി കെ യു എന്നും അറിയപ്പെടുന്ന ക്യാമ്പ് ബ്യൂറിങ് കുവൈത്ത്- ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മധ്യപൂര്‍വദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിന്യസിക്കുന്ന യു എസ് സൈനികര്‍ക്ക് പ്രധാന താവളമായാണ് ഇത് പ്രവര്‍ത്തിച്ചുവരുന്നത്.
യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇറാന്‍ താവളത്തിന് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളെ തുടര്‍ന്ന് യു എസ് സൈനികര്‍ ബങ്കറുകളില്‍ അഭയം തേടേണ്ടിവന്നു.
ഇറാന്റെ എഫ്-5 യുദ്ധവിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തതായി മൂന്ന് യു എസ് സൈനികര്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം നേരത്തെ എന്‍ ബി സി ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്യാമ്പ് ബ്യൂറിങ്ങില്‍ നിന്ന് ഭൂരിഭാഗം യു എസ് സൈനികരെയും നേരത്തെ തന്നെ മാറ്റാനുള്ള നടപടികള്‍ പെന്റഗണ്‍ ആരംഭിച്ചിരുന്നു. സൈനിക നേതൃത്വം വിശേഷിപ്പിച്ച 'ഗെറ്റ് ഓഫ് ദ എക്‌സ്' തന്ത്രത്തിന്റെ ഭാഗമായിരുന്നു നടപടി.
താവളത്തിലുണ്ടായിരുന്ന ഏകദേശം 7,000 സൈനികരില്‍ ഭൂരിഭാഗത്തെയും യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇറാന്റെ ആക്രമണപരിധിയില്‍ നിന്ന് യു എസ് സൈനിക താവളങ്ങളിലുണ്ടായിരുന്ന 90 ശതമാനത്തിലധികം സൈനികരെയും മാറ്റിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ക്യാമ്പ് ബ്യൂറിങ്ങില്‍ നൂറിലധികം സൈനികര്‍ തുടര്‍ന്നും നിലയുറപ്പിച്ചിരുന്നു.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിട്ട ഇവര്‍, ആളപായം വന്‍തോതില്‍ ഉണ്ടാകുന്ന സാഹചര്യം നേരിടാന്‍ ഒറ്റപ്പെട്ട താവളത്തിന് കഴിയുമോ എന്ന ആശങ്കയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണത്തിനിടെ വെടിക്കോപ്പുകളുടെയും മറ്റ് നിര്‍ണായക സൈനിക ഉപകരണങ്ങളുടെയും ലഭ്യത സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
കുവൈത്തിലെ ഉദാരി മരുഭൂമിയിലേക്ക് സൈനികരെ പുനര്‍വിന്യസിക്കുന്നതിനിടെ ക്യാമ്പ് ബ്യൂറിങ്ങില്‍ പ്രതിരോധ ചുമതലയിലുണ്ടായിരുന്ന സൈനികര്‍ക്ക് .50 കാലിബര്‍ വെടിയുണ്ടകള്‍ക്ക് ഗുരുതര ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുവൈത്തിലെ മറ്റൊരു കേന്ദ്രത്തില്‍ നിന്ന് സൈനിക നീക്കങ്ങള്‍ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന ആര്‍മി ലോജിസ്റ്റിക്‌സ് ഉദ്യോഗസ്ഥനും .50 കാലിബര്‍ വെടിയുണ്ടകള്‍ ഉള്‍പ്പെടെയുള്ള വിതരണസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ പോലുള്ള വിലപിടിപ്പുള്ള ആയുധശേഖരങ്ങളുടെ ലഭ്യതയും ആശങ്കയായിരുന്നു.
തുടര്‍ന്ന് ക്യാമ്പില്‍ ശേഷിച്ചിരുന്ന സൈനികരെയും അവിടെ നിന്ന് മാറ്റാന്‍ പെന്റഗണ്‍ തീരുമാനിച്ചു. സൈനികര്‍ ഉപകരണങ്ങള്‍ വാഹനങ്ങളില്‍ കയറ്റി രാത്രിയില്‍ കുവൈത്തിലെ വിദൂര മരുഭൂമി മേഖലകളിലേക്ക് നീങ്ങി. അവിടെ താത്ക്കാലിക ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസുകള്‍ സ്ഥാപിച്ചു.
ആക്രമണം രൂക്ഷമായപ്പോള്‍ ക്യാമ്പ് ബ്യൂറിങ്ങിലേക്ക് കൂടുതല്‍ സൈനികരെ എന്തുകൊണ്ട് അയച്ചില്ലെന്ന ചോദ്യവും ഒരു സൈനികന്‍ ഉന്നയിച്ചു.
യു എസ്- ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ വ്യാപ്തി കൂടുതല്‍ പരിശോധിക്കപ്പെടുന്നതിനിടെയാണ് ക്യാമ്പ് ബ്യൂറിങ്ങിലെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസം പുറത്തുവന്ന യു എസ് പ്രതിരോധ വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ഏകദേശം 3.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സൈനിക ഉപകരണങ്ങളുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഏകദേശം 60 വിമാനങ്ങളും ഉള്‍പ്പെടുന്നു.
തുടര്‍ന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഫെബ്രുവരി മുതല്‍ ഇറാന്റെ ആക്രമണങ്ങളില്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ 81 ഫിക്‌സഡ്-വിങ്, റോട്ടറി-വിങ് വിമാനങ്ങള്‍ നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി പറയുന്നു. വാര്‍ത്താ റിപ്പോര്‍ട്ടുകളും പ്രതിരോധ വകുപ്പിന്റെ പ്രസ്താവനകളും അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യു എ ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ ആക്രമണങ്ങളില്‍ പലതിന്റെയും ദൃശ്യ തെളിവുകള്‍ ഇതുവരെ പരിമിതമായിരുന്നു. ക്യാമ്പ് ബ്യൂറിങ്ങില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ യു എസ് സൈനികര്‍ നേരിട്ട വെല്ലുവിളികളും സൈനികരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയതും അപകടസാധ്യതയുള്ള മേഖലകള്‍ ഉപേക്ഷിച്ചതും കുവൈത്തിലെ മരുഭൂമിയുടെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് പിന്മാറിയതുമടക്കമുള്ള നടപടികളും വ്യക്തമാക്കുന്നതാണ്.
