ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറുകളോട് അനുകൂല നിലപാടെടുക്കുമെന്ന് ഹമാസ്

ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറുകളോട് അനുകൂല നിലപാടെടുക്കുമെന്ന് ഹമാസ്


ഗാസ: യുദ്ധം എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തെറിഞ്ഞ ഗാസ മുനമ്പില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അനുകൂല പ്രതികരണവുമായി ഹമാസ്. ഇസ്രായേലുമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കാനും സ്ഥിരമായി വെടിനിര്‍ത്തല്‍ നടപ്പാക്കാനുമുള്ള ഏത് കരാറുകളോടും ആശയങ്ങളോടും അനുഭാവപൂര്‍വ്വം  പ്രതികരിക്കുമെന്ന് ഹമാസ് അറിയിച്ചു. ഗാസയില്‍ ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുണ്ട്. അവരെ സംരക്ഷിക്കാനും ദുരിതങ്ങള്‍ അവസാനിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തല്‍ സ്ഥാപിക്കാനും ഉതകുന്ന ഏത് കരാറുകളോടും ആശയങ്ങളോടും ഹമാസ് സഹകരിക്കുമെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് സമി അബു സുഹ്രി ചൊവ്വാഴ്ച ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തലിനും ബന്ദികളെ കൈമാറാനും പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മധ്യസ്ഥരുടെ അഭ്യര്‍ത്ഥനകളോട് ഹമാസ് സഹകരണം പ്രഖ്യാപിച്ചെന്നും സമി അബു സുഹ്രി പറഞ്ഞു. ഈ വിഷയത്തില്‍ തന്റെ ഗ്രൂപ്പ് ഇതിനകം ചില മീറ്റിംഗുകള്‍ നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ മീറ്റിംഗുകള്‍ തുടര്‍ന്നേക്കുമെന്നും ഹമാസ് നേതാവ് അറിയിച്ചു. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ഉപരോധം പിന്‍വലിക്കല്‍, ജനങ്ങള്‍ക്ക് സമാധാനം, പിന്തുണ, പാര്‍പ്പിടം, പുനര്‍നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കരാറുകളിലോ ആശയങ്ങളിലോ ഉള്‍പ്പെടണമെന്ന് അബു സുഹ്രി കൂട്ടിച്ചേര്‍ത്തു.

രണ്ടുദിവസം മുമ്പ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍-ഫത്താഹ് അല്‍-സിസി ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരുന്നു. നാല് ഇസ്രായേലി ബന്ദികളെ പലസ്തീന്‍ തടവുകാര്‍ക്ക് പകരം കൈമാറുന്നതും ചര്‍ച്ചകളിലൂടെ സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് കടക്കുന്നതും അടക്കമുള്ള പദ്ധതികളും അതില്‍ ഉള്‍പ്പെടുന്നു.