ഹിസ്ബുല്ലയുടെ ഒരു മുതിര്‍ന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേല്‍ നാവിക സേന

ഹിസ്ബുല്ലയുടെ ഒരു മുതിര്‍ന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേല്‍ നാവിക സേന


ജറുസലേം: വടക്കന്‍ ലബനന്‍ പട്ടണമായ ബട്രൂണില്‍ നാവികസേന നടത്തിയ റെയ്ഡില്‍ ഒരു മുതിര്‍ന്ന ഹിസ്ബുല്ല നേതാവിനെ പിടികൂടിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് മാറ്റിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആരെയാണ് പിടികൂടിയത് എന്ന വിവരം സൈന്യം വെളിപ്പെടുത്തിയില്ല.

പുലര്‍ച്ചെ കടല്‍ തീരത്ത് എത്തിയ സൈനിക സംഘം  ഒരു കെട്ടിടം റെയ്ഡ് ചെയ്ത് ഒരാളെ പിടികൂടി സ്പീഡ് ബോട്ടില്‍ കൊണ്ടുപോയെന്ന് ലെബനന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. സൈനിക സംഘം ആരുടേതാണെന്നോ ആരാണ് പിടിക്കപ്പെട്ടതെന്നോ ന്യൂസ് ഏജന്‍സി വ്യക്തമാക്കിയില്ല.

രാജ്യത്ത് അനധികൃതമായി കടന്നു കയറി ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനെ ലെബനന്‍ അധികൃതര്‍ അപലപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎന്‍ സുരക്ഷാ കൗണ്‍സിലിന് പരാതി നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ ഓഫിസ് അറിയിച്ചു.

ഇസ്രയേല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1701 ലംഘിച്ചിരിക്കാമെന്ന് ലെബനീസ് ഗതാഗത മന്ത്രി അലി ഹാമി അഭിപ്രായപ്പെട്ടു.
പിടിക്കപ്പെട്ടയാള്‍ ഹിസ്ബുള്ള അംഗമാണെന്ന ഇസ്രായേലിന്റെ ആരോപണത്തെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല, അതേസമയം ഇയാള്‍ സിവിലിയന്‍ കപ്പലുകളുടെ ക്യാപ്റ്റനാണെന്ന് ഹമി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം, ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ഹിസ്ബുല്ലയുടെ നാസര്‍ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിന്റെ കമാന്‍ഡറെ തെക്കന്‍ ലബനനില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.