ബെയ്‌റൂത്ത്: തെക്കന്‍ ലെബനന്‍ നഗരമായ സിഡോണില്‍ നടന്ന ഇസ്രായേലി വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മുഹമ്മദ് ഷാഹൈന്‍ എന്ന ഹമാസ് സൈനിക യൂണിറ്റ് കമാന്‍ഡറാണ് കൊല്ലപ്പെട്ടതെന്ന് സ്രോതസ്സ് എ എഫ് പിയോട് പറഞ്ഞു.
സംയുക്ത ഓപ്പറേഷനില്‍ ഷാഹൈനെ ലക്ഷ്യമാക്കി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) സ്ഥിരീകരിച്ചു.
ഇസ്രായേലിനെതിരായ റോക്കറ്റ് ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും ഐ ഡി എഫ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇസ്രായേല്‍ സൈന്യം ലെബനന്‍ പ്രദേശത്ത് നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടു. തെക്കന്‍ ലെബനനില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്താന്‍ ഇസ്രായേലിന് യാതൊരു ന്യായീകരണവുമില്ലെന്നും ഹിസ്ബുള്ള പറഞ്ഞു.
പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ടൈംസ് ഓഫ് ഇസ്രായേലിനോട് സംസാരിച്ച ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ ഫെബ്രുവരി 18ലെ അവസാന തിയ്യതിയോടെ ലെബനനില്‍ നിന്ന് പിന്മാറാന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞു. എന്നിരുന്നാലും, തെക്കന്‍ ലെബനനിലെ അഞ്ച് തന്ത്രപ്രധാന സ്ഥലങ്ങളുടെ നിയന്ത്രണം നിലനിര്‍ത്താന്‍ ഐ ഡി എഫ് പദ്ധതിയിടുന്നുവെന്ന് മന്ത്രി റോണ്‍ ഡെര്‍മര്‍ മുമ്പ് പറഞ്ഞിരുന്നു.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വാഷിംഗ്ടണിന്റെ മധ്യസ്ഥതയില്‍ നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ ഫെബ്രുവരി 18നകം പൂര്‍ണ്ണമായ ഇസ്രായേലി പിന്‍വാങ്ങല്‍ നിര്‍ബന്ധമാക്കുന്നു. പകരം ഹിസ്ബുള്ളയും ഈ പ്രദേശം വിടേണ്ടതുണ്ട്.