ടെല്‍ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റിന്‍റെ കുത്തേറ്റ ക്യാപ്റ്റന്‍ ഇന്ത്യാക്കാരനായ പൈലറ്റ് സ്മിത് മച്ചാറാണെന്ന് റിപ്പോർട്ടുകൾ. സംഭവം നടന്നതോടെ ബോയിംഗ് 737 മാക്സ് 8 വിമാനം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്കിലേക്ക് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. കോക്ക്പിറ്റിനുള്ളിൽ വെച്ച് ഒമാനി സഹ പൈലറ്റ് കത്തി ഉപയോഗിച്ച് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കത്തിക്കുത്തിൽ പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ ജീവൻ പോലും പണയപ്പെടുത്തി അദ്ദേഹം അക്രമിയായ സഹ പൈലറ്റിനെ നേരിട്ടു. ക്രൂവിന്റെയും യാത്രക്കാരുടെയും സഹായത്തോടെ സഹ പൈലറ്റിനെ കീഴടക്കി വിമാനത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമാൻഡ് പൈലറ്റായ സ്മിത് മച്ചാറിനും സഹപൈലറ്റിനും പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മച്ചാറിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി ലഭ്യമായിട്ടില്ല.
തബൂക്ക് എയർപോർട്ടിൽ പ്രാദേശിക സമയം രാവിലെ 8:44-നാണ് വിമാനത്തിൽ നിന്ന് അപായസന്ദേശം ലഭിച്ചത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം വിമാനം സുരക്ഷിതമായി താഴെയിറക്കി. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം വെറും 37 സെക്കൻഡിനുള്ളിൽ വിമാനം 14,300 അടി താഴേക്ക് പതിച്ചതായി കാണിക്കുന്നു. തുടര്‍ന്ന് വിമാനത്തിൽ അക്രമം നടന്നതായി സൂചിപ്പിക്കുന്ന ട്രാൻസ്പോണ്ടർ കോഡും നൽകിയിരുന്നു. എന്നാൽ യാത്രയിലുണ്ടായ ഒരു സംഭവം എന്ന് മാത്രമാണ് ഫ്ലൈദുബായ് അധികൃതർ വിഷയത്തെ കുറിച്ച് വ്യക്തമാക്കിയത്. അക്രമത്തിന്‍റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.
വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ ചേർന്നാണ് വിമാനം നിയന്ത്രണത്തിലാക്കുകയും തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി രണ്ട് വിമാനങ്ങൾ തബൂക്കിലേക്ക് അയച്ചു. സംഭവത്തിന്‍റെ പശ്ചാത്തലവും കാരണങ്ങളും വ്യക്തമല്ലെന്നും ഔദ്യോഗിക അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എയർലൈൻ വക്താവ് ആവശ്യപ്പെട്ടു.
മുംബൈയിലെ സ്‌പൈസ് ജെറ്റിൽ 11 വർഷത്തെ സേവനത്തിന് ശേഷമാണ് സ്മിത് മച്ചാർ 2022 ജൂണിൽ ഫ്ലൈദുബായിൽ ക്യാപ്റ്റനായി ചേർന്നത്. സ്‌പൈസ് ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് ബോയിംഗ് 737-800, 737 മാക്സ് വിമാനങ്ങളിലായി 9,750 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട്. വെലിങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ വ്യക്തിയാണ് ഇദ്ദേഹം.
ഇസ്രയേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമായിരുന്നു ഈ സംഭവമുണ്ടായത്. വിമാനത്തിൻ്റെ അപായസന്ദേശം വന്നതോടെ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഒപ്പം ഇസ്രയേൽ സൈനിക മേധാവികളും വ്യോമസേനാ തലവന്മാരും പ്രത്യേക യോഗം ചേർന്നിരുന്നു.
ഫ്ലൈ ദുബായ് വിമാനത്തിലെ വന്‍ ദുരന്തം ഒഴിവാക്കിയത് ഇന്ത്യന്‍ പൈലറ്റ് സ്‌മിത് മച്ചാര്‍; കുത്തേറ്റിട്ടും അക്രമിയായ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തി
