ലക്ഷദ്വീപിന് സമീപം 3000 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍; 5 പാക്കിസ്ഥാനികള്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപിന് സമീപം 3000 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍; 5 പാക്കിസ്ഥാനികള്‍ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (എ ടി എസ്) ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 526 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇറാനിയന്‍ ബോട്ട് വളഞ്ഞാണ് ഉദ്യോഗസ്ഥര്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

ഹെറോയിനും മെത്താംഫെറ്റാമൈനുമടക്കം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 25നായിരുന്നു ഓപ്പറേഷന്‍. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാന്‍ പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.

സംയുക്ത സമുദ്ര- വ്യോമ നിരീക്ഷണത്തിനൊടുവില്‍ സംശയാസ്പദമായ ബോട്ടിനെ തിരിച്ചറിയുകയും തുടര്‍ന്ന് പിന്തുടര്‍ന്ന് ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത സംഘത്തെയും പിടിച്ചെടുത്ത മയക്കുമരുന്നും ബോട്ടുള്‍പ്പെടെ തുടര്‍നടപടികള്‍ക്കും വിശദമായ ചോദ്യം ചെയ്യലിനുമായി സായുധ സുരക്ഷയില്‍ മുംബൈയിലെത്തിച്ചു.

അന്താരാഷ്ട്ര സമുദ്ര ലഹരി മാഫിയാ ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് എ ടി എസുമായി ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സമുദ്രപാതകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 2025 ഏപ്രിലില്‍ ഗുജറാത്ത് തീരത്ത് നിന്ന് സമാനരീതിയില്‍ 307.5 കിലോഗ്രാം മയക്കുമരുന്ന് ഇതേ ഏജന്‍സികള്‍ ചേര്‍ന്ന് പിടികൂടിയിരുന്നു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ സുരക്ഷാ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും കൂടുതല്‍ അന്വേഷണത്തിനായി കൈമാറിയതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.