തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ ലാത്തിച്ചാർജ്, സംഘർഷം

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ ലാത്തിച്ചാർജ്, സംഘർഷം


തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടെ തിരുവനന്തപുരത്ത് സംഘർഷം. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു.

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഹോസ്റ്റലിന് പുറത്തും പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ എസ്എഫ്ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പോലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

ഹോസ്റ്റലിൽ നിന്നാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കറന്റ് കട്ടായപ്പോൾ കളിയാക്കിയതോടെ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ വാദം. കറന്‍റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. 

ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. ഹോസ്റ്റലിനകത്ത് നിന്ന് വിദ്യാർഥികൾക്ക് നേരെയും പുറത്ത് യൂത്ത് കോൺ​ഗ്രസിനെതിരെയും കല്ലേറുണ്ടായി. ഹോസ്റ്റലിനകത്തേക്ക് പ്രവേശിച്ച പൊലീസ് വിദ്യാർഥികൾ‌ക്ക് നേരെ ലാത്തി വീശി. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. ഹോസ്റ്റലിലേക്ക് പ്രവർത്തകർ വലിച്ചെറിഞ്ഞ പന്തങ്ങൾ ഹോസ്റ്റലിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലും ജനലുകളിലും വീണിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി മുതിർന്ന നേതാക്കൾ ഇടപെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായിട്ടില്ല.