അമ്മാന്‍: ജോര്‍ദാനിലെ കരക് ഗവര്‍ണറേറ്റില്‍ പള്ളിക്കുനേരെയുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. 34 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഹമ്മൂദ് ഗ്രാമത്തിലെ സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.
പള്ളിയുടെ പ്രവേശന കവാടത്തിനു സമീപം വാഹനത്തിലെത്തിയ മൂന്നുപേര്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറായ നാലാമതൊരാളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ അധികൃതരോട് പറഞ്ഞു. പള്ളിയുടെ മുറ്റത്ത് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായതെന്ന് ദൃക്‌സാക്ഷിയായ ദിര്‍ഘം അല്‍ ഹലാസ പറഞ്ഞു. ആക്രമണം ഗ്രാമവാസികളെ കടുത്ത ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ചയോടെ പരിക്കേറ്റവരില്‍ 22 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ നില തൃപ്തികരമാണെന്നും ജോര്‍ദാന്‍ ആരോഗ്യമന്ത്രി ഇബ്രാഹിം ബദൂര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്ധമായ തീവ്രവാദത്തിന്റെ ഫലമാണ് ആക്രമണമെന്ന് പ്രധാനമന്ത്രി ജാഫര്‍ ഹസന്‍ വിശേഷിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് രാജാവ് അബ്ദുല്ല രണ്ടാമന്‍ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ജോര്‍ദാന്‍ രാജ്ഞി റാനിയയും ആക്രമണത്തെ അപലപിച്ചു.
മുസ്‌ലിംകളും ക്രൈസ്തവരും തമ്മിലുള്ള ദീര്‍ഘകാല സാഹോദര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് ജോര്‍ദാനിലെ സഭാ അധ്യക്ഷന്മാരുടെ കൗണ്‍സില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും രാജ്യത്തുള്ള അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ജോര്‍ദാനില്‍ പള്ളിക്കുനേരെ വെടിവയ്പ്; മരണം ഒന്‍പതായി, 34 പേര്‍ക്ക് പരിക്ക്
