കുളിമുറിയിലെ ടാങ്കിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്; അമ്മ കുറ്റം സമ്മതിച്ചു

കുളിമുറിയിലെ ടാങ്കിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്; അമ്മ കുറ്റം സമ്മതിച്ചു



പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടികളെ കൊലപ്പെടുത്തിയത് അമ്മയെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചു. നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളുടെ മരണത്തിൽ സംശയം ഉണ്ടായിരുന്നുവെന്ന് അച്ഛൻ ജോൺകുമാർ പറഞ്ഞു.

ഇന്നലെയാണ് അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.

കുട്ടികളുടെ മരണത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരോടും അടുപ്പക്കാരോടും വിവരങ്ങൾ അന്വേഷിച്ചു. കുട്ടിയുടെ അമ്മയെ വിളിച്ച് ചോദ്യംചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 

കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

'മോഡലിങ്ങിന് പോകണം, കുട്ടികൾ തടസ്സം 

കുട്ടികൾ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പോലീസിന് നൽകിയ മൊഴി. മോഡലിങ്ങിന് പോകണമെന്നും പഠിക്കാൻ പോകണമെന്നും നിവേദ്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, കുട്ടികൾ ഇക്കാര്യങ്ങൾക്കൊക്കെ തടസ്സമായിരുന്നുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കൂ എന്നും പോലീസ് പറഞ്ഞു.