മുലപ്പാലിന് പകരമെന്ന് പറഞ്ഞ് പറ്റിക്കണ്ട; ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് നിയന്ത്രണം; അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പാടില്ലെന്ന് മഹാരാഷ്ട്ര എഫ്ഡിഎ

മുലപ്പാലിന് പകരമെന്ന് പറഞ്ഞ് പറ്റിക്കണ്ട; ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് നിയന്ത്രണം; അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പാടില്ലെന്ന് മഹാരാഷ്ട്ര എഫ്ഡിഎ


മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് നിയന്ത്രണവുമായി മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ. ഉത്പന്നങ്ങളിൽ അമ്മയുടെയും കുട്ടിയുടെയും ചിത്രം ഉപയോഗിക്കരുതെന്നും മുലപ്പാൽ ആണ് ഉത്തമം എന്ന് എന്നെഴുതണമെന്നും എഫ്ഡിഎ നിർദേശം നൽകി. നവജാത ശിശുക്കൾക്കായുളള ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യാനോ പാടില്ല. മുലപ്പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനാണ് നടപടിയെന്നും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്നത് കുറഞ്ഞുവരുന്നതായി പഠനങ്ങളുണ്ടെന്നും തുക്കാറാം മുണ്ടെ പറഞ്ഞു.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-6) കണക്കുകൾ പ്രകാരം നഗരപ്രദേശങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്ന നിരക്ക് കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. എന്നാൽ സംസ്ഥാനത്ത് ബേബി ഫോർമുല മിൽക്ക് പൂർണ്ണമായി നിരോധിച്ചിട്ടില്ലെന്നും, മുകളിൽ പറഞ്ഞ സുരക്ഷാ-ലേബലിങ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ വിൽക്കാവുന്നതാണെന്നും എഫ്.ഡി.എ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 10 ലക്ഷം രൂപ വരെ പിഴയും കടുത്ത നിയമനടപടികളും നേരിടേണ്ടി വരും.

ഈ ഉൽപ്പന്നങ്ങൾ മുലപ്പാലിന് തുല്യമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളോ, "ഹ്യൂമനൈസ്ഡ്" (humanised), "ഹെൽത്ത് ഫുഡ്" തുടങ്ങിയ വിശേഷണങ്ങളോ ഉപയോഗിക്കാൻ പാടില്ല. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ധാന്യപ്പൊടികളും അനുബന്ധ ആഹാരങ്ങളും 6 മാസത്തിന് ശേഷം മാത്രമേ നൽകാവൂ എന്നും, അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണമെന്നും പാക്കറ്റിൽ വ്യക്തമാക്കണം. സോഷ്യൽ മീഡിയ, ഇൻഫ്ലുവൻസർമാർ വഴിയുള്ള പരസ്യങ്ങൾ, സൗജന്യ സാമ്പിളുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, സമ്മാനങ്ങൾ എന്നിവ നൽകി ഇത്തരം ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതും പൂർണ്ണമായി വിലക്കി.