ചൈനയുമായി ഉഭയകക്ഷി-വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ചൈനയുമായി ഉഭയകക്ഷി-വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ


ന്യൂഡല്‍ഹി : ഇറക്കുമതി തീരുവയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ ഇന്ത്യ ചൈനയുമായുള്ള ബന്ധം വീണ്ടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

 നാലരവര്‍ഷം നീണ്ട സംഘര്‍ഷത്തിന് ശേഷമാണ് അയല്‍ക്കാരായ  ഇന്ത്യയും ചൈനയും തമ്മില്‍ അടുക്കുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയത്. പ്രശ്‌നങ്ങള്‍ അയഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. തീരുവ യുദ്ധത്തില്‍ യുഎസിനെ നേരിടാന്‍ ചൈനയുമായി വ്യാപാരവും നിക്ഷേപം പുനഃരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

കൂടാതെ ചൈനീസ് ഉേദ്യാഗസ്ഥര്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചരക്ക് ഇറക്കുമതിയിലെ താരിഫ് തടസങ്ങള്‍ നീക്കുക, 5 വര്‍ഷം മുന്‍പ് നിരോധിച്ച ചൈനീസ് ആപ്പുകള്‍ വീണ്ടും അനുവദിച്ചേക്കുക , നിര്‍ത്തലാക്കിയ വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുക, ചൈനീസ് പണ്ഡിതര്‍ക്ക് വിസ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചേക്കും.

വര്‍ദ്ധിച്ചുവരുന്ന വ്യാപാര കമ്മി നികത്താന്‍ ചൈനയില്‍ നിന്ന് നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ചും ഇന്ത്യ പരിഗണുക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്ത്യയിലേക്കുളള ചൈനീസ് ഇറക്കുമതി കയറ്റുമതിയേക്കാള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. അതിനാല്‍ ചൈന ഉള്‍പ്പെടെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കുന്ന 2020 ലെ നയത്തില്‍ ഇളവ് വരുത്തുന്ന കാര്യവും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. ചൈനയുമായി പ്രശ്‌നപരിഹാരം ഉണ്ടെക്കുന്നതും വ്യാപര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതും യുഎസിനുള്ള വ്യക്തമായ സന്ദേശമാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 'ട്രംപിന്റെ വരവോടെ ചൈനയുമായുള്ള വ്യാപാരവ്യാപാരേതര ബന്ധം പുനഃസ്ഥാപിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എങ്ങനെ വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനം കൈക്കൊള്ളേണ്ടത്', സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ വ്യാപകമായി നിര്‍മ്മിക്കാത്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള വ്യാപാര തടസങ്ങള്‍ നീക്കാനുള്ള തീരുമാനം രാജ്യത്തിന് ഗുണം ചെയ്യുക തന്നെ ചെയ്യും. അതേസമയം ചൈനയുമായുള്ള വ്യാപാരം സജീവമാക്കുന്നതിനോട് സര്‍ക്കാരിന് സമ്പൂര്‍ണ താത്പര്യം ഇല്ല. എന്നിരുന്നാലും ഇന്ത്യന്‍ വ്യവസായികള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങളിലെ ചൈനീസ് കയറ്റുമതിക്കുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും നീക്കുന്നതിലേക്ക് നയിച്ചേക്കാം എന്നാണ് വിലയിരുത്തലുകള്‍.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം 118.40 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് യുഎസിനെ മറികടന്ന് ചൈന തങ്ങളുടെ സ്ഛാനം തിരിച്ചുപിടിച്ചത്. നിലവില്‍ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 15 ശതമാനം ചൈനയുടേതാണ്. എന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ചൈനയുടെ സ്ഥാനം 22ാമതാണ്. 2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ മൊത്തം 2.5 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ മാത്രമാണ് ചൈന നടത്തിയത്. അതേസമയം ഇന്ത്യയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ബീജീംഗ് താത്പര്യപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2020 മുതല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം വര്‍ധിച്ചിട്ടുണ്ടെങ്കിലും കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ ഉത്പന്നങ്ങള്‍ ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റേത് രാജ്യത്തേക്കാളും ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ വളരെ കൂടുതലാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍, ഐടി മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍,കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഔഷധങ്ങള്‍ എന്നിവയ്ക്ക് ചൈനീസ് മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഉണ്ട്. ഇതും ഒരു കാരണമാണ്. ചൈനയുമായുള്ള വ്യാപാരം പൂര്‍ണമായി അവസാനിപ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രായോഗികമല്ല. അതേസമയം ചൈനീസ് നിക്ഷേപങ്ങള്‍ അനുവദിക്കണോ അതോ വന്‍തോതിലുള്ള ഇറക്കുമതി തുടരണോ എന്നത് സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ചൈനീസ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് 202324 ലെ ഇന്ത്യന്‍ സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. കൂടുതല്‍ നിക്ഷേപങ്ങള്‍ അനുവദിക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ പ്രാദേശിക ഉല്‍പാദനത്തിനോ കാര്യമായ സംഭാവന നല്‍കാത്ത പൂര്‍ണ്ണമായും ഉല്‍പാദിപ്പിച്ച വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.