പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയുടെ പ്രതികരണം യുദ്ധം ഒഴിവാക്കുന്നതാകണം: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്

പഹല്‍ഗാം ഭീകരാക്രമണം:  ഇന്ത്യയുടെ പ്രതികരണം യുദ്ധം ഒഴിവാക്കുന്നതാകണം: യുഎസ് വൈസ് പ്രസിഡന്റ്  ജെഡി വാന്‍സ്


വാഷിംഗ്ടണ്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് വിശാലമായ പ്രാദേശിക സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ ശ്രദ്ധാപൂര്‍വ്വം പ്രതികരിക്കുമെന്നാണ് വാഷിംഗ്ടണ്‍ കരുതുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ പാകിസ്താന്റെ സഹകരണമുണ്ടാകുമെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് വാന്‍സ് തന്റെ പരസ്യ പരാമര്‍ശം നടത്തിയത്. 2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിന് ശേഷം പഹല്‍ഗാമിലുണ്ടായ ഏറ്റവും മോശമായ കൂട്ടക്കൊല നടന്നപ്പോള്‍ വാന്‍സും കുടുംബവും നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

'ഈ ഭീകരാക്രമണത്തോട് ഇന്ത്യ വിശാലമായ ഒരു പ്രാദേശിക സംഘര്‍ഷത്തിലേക്ക് നയിക്കാത്ത വിധത്തില്‍ പ്രതികരിക്കണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ഫോക്‌സ് ന്യൂസിന്റെ 'സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് വിത്ത് ബ്രെറ്റ് ബെയര്‍ ഷോയില്‍ വാന്‍സ് പറഞ്ഞു.

'സത്യം പറഞ്ഞാല്‍, പാകിസ്താന്‍ ഉത്തരവാദിത്തമുള്ളിടത്തോളം, അവരുടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ വേട്ടയാടുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, യുഎസ് വൈസ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിലായിരുന്ന വാന്‍സ്, എക്‌സിലെ ഒരു പോസ്റ്റില്‍ ആക്രമണത്തെ അപലപിക്കുകയും ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

25 വിനോദസഞ്ചാരികളുടെയും ഒരു നാട്ടുകാരന്റെയും ജീവന്‍ അപഹരിച്ച പഹല്‍ഗാം ആക്രമണം, സമീപകാലത്ത് കശ്മീര്‍ താഴ്‌വരയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. സ്ഥലത്തെത്താന്‍ കാല്‍നടയാത്രയോ പോണി സര്‍വീസോ (കുതിര സവാരി) ആവശ്യമായിരുന്ന ഒരു മനോഹരമായ പുല്‍മേടിലാണ് ഭീകരര്‍ ആക്രമണം ആസൂത്രണം ചെയ്തത്.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ബുധനാഴ്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചിരുന്നു. പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ സഹകരിക്കണമെന്നും അവര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും സംഭാഷണത്തില്‍ റൂബിയോ ആവശ്യപ്പെട്ടു.

പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ

ഓരോ ഭീകരപ്രവര്‍ത്തനത്തിനും ഇന്ത്യ ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് ആക്രമണത്തെക്കുറിച്ച് ആദ്യമായി നടത്തിയ പൊതു പ്രസ്താവനയില്‍,  ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ചപറഞ്ഞു. 'ഭീരുത്വം നിറഞ്ഞ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ഇത് നരേന്ദ്ര മോഡിയുടെ ഇന്ത്യയാണെന്ന് അവര്‍ ഓര്‍മ്മിക്കണം.  പ്രതികാരം ഒന്നൊന്നായി ചെയ്യും.' തീവ്രവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി അമിത് ഷാ പറഞ്ഞു.

കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും 'ഭൂമിയുടെ അറ്റം വരെ പിന്തുടരുമെന്ന് ' പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തിയതിനൊപ്പം സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, എല്ലാ പാകിസ്താന്‍ സൈനിക അറ്റാഷെകളെയും പുറത്താക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചുപൂട്ടി, അട്ടാരിവാഗ അതിര്‍ത്തി അടച്ചുപൂട്ടി തുടങ്ങി നിരവധി നയതന്ത്ര നടപടികളും സ്വീകരിച്ചു. ഇതിന് മറുപടിയായി, സിംല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തിയും പാകിസ്താന്‍ സമ്പൂര്‍ണ്ണ നടപടികള്‍ സ്വീകരിച്ചു.

അട്ടാരിവാഗ അതിര്‍ത്തി വഴി പാകിസ്താന്‍ പൗരന്മാര്‍ക്ക് പാകിസ്താനിലേക്ക് മടങ്ങാന്‍ അനുവദിക്കുന്ന സമയപരിധി വ്യാഴാഴ്ച ഇന്ത്യ ഇളവ് ചെയ്തു. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനെതിരെ പാകിസ്താന്‍ ഇതുവരെ അതേ നടപടി സ്വീകരിച്ചിട്ടില്ല.