സോള്‍ : ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയന്‍ വിമാന ദുരന്തത്തിന്റെ കാരണത്തില്‍ അവ്യക്തത തുടരുന്നു. ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച (ഡിസംബര്‍ 29) രാവിലെ പ്രാദേശിക സമയം 9 മണിയോടെയായിരുന്നു അപകടം. ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക തകരാറാണ് 179 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പക്ഷികള്‍ വന്നിടിച്ചതാണോ അപകടകാരണമെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്താനായി ആക്ടിങ് പ്രസിഡന്റായ ചോയ് സാങ്-മോക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കൂടാതെ, ഗതാഗത മന്ത്രാലയവും പൊലീസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. രാജ്യത്തിന്റെ മൊത്തത്തിലുള്ള എയര്‍ക്രാഫ്റ്റ് ഓപ്പറേഷന്‍ സിസ്റ്റങ്ങളെക്കുറിച്ച് അടിയന്തര അവലോകനം നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കിയതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി രാജ്യത്തെ വ്യോമയാന സംവിധാനങ്ങള്‍ മൊത്തത്തില്‍ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കൊറിയയുടെ ബജറ്റ് എയര്‍ലൈനായ ജെജു എയര്‍ സര്‍വീസായ ബോയിങ് 737-800 വിമാനം മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടത്തില്‍പെട്ടത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം സുരക്ഷാമതിലിലേക്ക് ചെന്നിടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു.
181 പേരുണ്ടായിരുന്ന വിമാനത്തില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ട് പേരും ക്രൂ അംഗങ്ങളാണ്. വിമാനത്തിന്റെ പിന്‍ഭാഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. ഇതുവരെ 141 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റ് 38 എണ്ണത്തില്‍ ഡിഎന്‍എ പരിശോധന നടത്തുകയാണെന്നും ഗതാഗത മന്ത്രാലയത്തിന്റെ വ്യോമയാന നയ ഡയറക്ടര്‍ ജൂ ജോങ്-വാന്‍ പറഞ്ഞു. 1997-ല്‍ കൊറിയന്‍ എയര്‍ലൈന്‍സ് വിമാനം ഗുവാമില്‍ തകര്‍ന്ന് 228 പേര്‍ മരിച്ചതിന് ശേഷം ദക്ഷിണ കൊറിയയിലുണ്ടായ ഏറ്റവും മാരകമായ വ്യോമയാന ദുരന്തം കൂടിയാണ് ഇത്.
മുവാന്‍ വിമാന ദുരന്തത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയയില്‍ ഏഴ് ദിവസത്തെ ദുഃഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജെജു എയര്‍ലൈന്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പൊതുമാപ്പ് നോട്ടിസും പ്രസിദ്ധീകരിച്ചിരുന്നു.
കൊറിയന്‍ വിമാന ദുരന്തത്തിലെ അവ്യക്തത തുടരുന്നു; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു