​ഗൾഫ് രാജ്യങ്ങള്‍ക്കെതിരേ ആക്രമണം ശക്തമാക്കി ഇറാന്‍: പ്രതിഷേധവുമായി പാക്കിസ്ഥാനും ഗള്‍ഫ് രാജ്യങ്ങളും

​ഗൾഫ് രാജ്യങ്ങള്‍ക്കെതിരേ ആക്രമണം ശക്തമാക്കി ഇറാന്‍: പ്രതിഷേധവുമായി പാക്കിസ്ഥാനും ഗള്‍ഫ് രാജ്യങ്ങളും


ടെഹ്റാൻ: അമേരിക്ക നടത്തിയ ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ സൈനീക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇറാന്‍. ഇറാന്റെ നീക്കത്തിനെതിരേ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങളും പാക്കിസ്ഥാനും രംഗത്തെത്തി. ശനിയാഴ്ച രാത്രിയും  ഇന്നലെയും ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഗള്‍ഫ് രാജ്യങ്ങളും പാകിസ്താനും ശക്തമായി അപലപിച്ചു.


ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരേ അതിശക്തമായ വിമര്‍ശനമാണ് ഖത്തര്‍ നടത്തിയത്. രാജ്യങ്ങളുടെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളുടേയും  അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളുടെയും ഗുരുതരമായ ലംഘനവുമാണെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഈ ആക്രമണങ്ങള്‍ക്കും അതിന്റെ എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ഇറാനാണ് നിയമപരമായി ഉത്തരവാദിയെന്ന് ഖത്തര്‍ വ്യക്തമാക്കി.


ഒമാന്‍ വിദേശകാര്യ മന്ത്രാലയവും ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിക്കാന്‍ ഇറാനിയന്‍ അംബാസഡറെ വിളിച്ചുവരുത്തി. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നടപടികളില്‍ കടുത്ത നിരാശ രേഖപ്പെടുത്തുന്നതായി ഒമാന്‍ വ്യക്തമാക്കി. പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയവും മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തില്‍  അതിശക്തമായ ആശങ്ക രേഖപ്പെടുത്തി.


എല്ലാ പക്ഷങ്ങളും സംയമനം പാലിക്കണമെന്നും, അടിയന്തരമായി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്റെ നടപടികളെയും അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങള്‍ ലംഘിക്കുന്ന പെരുമാറ്റത്തെയും’ ശക്തമായി അപലപിച്ചു.