ടെഹ്രാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സമീപത്തെ ഖെഷം ദ്വീപിലും ഞായറാഴ്ച നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിൽ 10 മുതൽ 11 വരെ ശത്രുരാജ്യങ്ങളുടെ പ്രൊജക്ടൈലുകൾ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പതിച്ചതായി ഖെഷം ഗവർണർ ഹൊസൈൻ അമീർ തെയ്മൂരി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഇതിന് മണിക്കൂറുകൾ മുമ്പ്, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച സൈപ്രസ് പതാകയുള്ള ചരക്കുകപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേന ആക്രമണം നടത്തിയെന്ന് ആരോപിച്ച് അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു.
ബന്ദർ അബ്ബാസ്, സിറിക്, ചാബഹാർ, അസലുയെ എന്നിവിടങ്ങളിൽ സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാൻ സർക്കാർ മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ തന്ത്രപ്രധാന താൽപര്യങ്ങളുമായി ബന്ധപ്പെട്ട ചാബഹാർ തുറമുഖ മേഖലയും ആക്രമണ റിപ്പോർട്ടുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ ആക്രമണം നടന്നത്. ബഹ്രൈനിൽ നിന്ന് ഹിമാർസ് റോക്കറ്റുകൾ വിക്ഷേപിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നു.
ആക്രമണത്തിന് പിന്നാലെ 'ഇറാൻ തെറ്റായ തീരുമാനമാണ് എടുത്തത്. അതിന്റെ പ്രത്യാഘാതം ഇപ്പോൾ അനുഭവിക്കുകയാണ്,' എന്ന് അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്ക് അന്തർദേശീയ കപ്പൽഗതാഗതത്തിനായി തുറന്നിരിക്കുകയാണെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. 'അന്തർദേശീയ ജലപാതയിലൂടെ നിയമാനുസൃതമായി സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്. നാവികഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനല്ല,' എന്നാണ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഇറാനിലെ ബന്ദർ അബ്ബാസിലും ഖെഷം ദ്വീപിലും സ്‌ഫോടനങ്ങൾ
