എഫ്‌സിആർഎ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ല; സഭാ നേതാക്കൾക്ക് അമിത് ഷായുടെ ഉറപ്പ്

എഫ്‌സിആർഎ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ല; സഭാ നേതാക്കൾക്ക് അമിത് ഷായുടെ ഉറപ്പ്


ന്യൂഡൽഹി:  വിദേശസഹായ നിയന്ത്രണ നിയമമായ (എഫ്‌സിആർഎ) ഭേദഗതി ബിൽ 2026 മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കത്തോലിക്കാ മെത്രാൻ സമിതിയായ (സിബിസിഐ) പ്രതിനിധികൾക്ക് ഉറപ്പ് നൽകി. വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രൈസ്തവ സന്നദ്ധസംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ല പുതിയ ഭേദഗതിയെന്നും വിദേശഫണ്ട് സ്വീകരിക്കുന്ന എല്ലാ സംഘടനകൾക്കും ഒരുപോലെ ബാധകമായ നിയന്ത്രണ സംവിധാനമാണിതെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ വർഷം ലഭിച്ച ഏകദേശം 17,000 കോടി രൂപയുടെ വിദേശസഹായത്തിൽ 3,000 കോടി രൂപയോളം ക്രൈസ്തവ സംഘടനകൾക്കാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ സഭാ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ വിദേശഫണ്ടിൽ സൃഷ്ടിച്ച സ്വത്തുക്കൾ സർക്കാർ നിയോഗിക്കുന്ന അധികാരിക്ക് ഏറ്റെടുക്കാനുള്ള വ്യവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിബിസിഐ അറിയിച്ചു. എന്നാൽ ഈ വ്യവസ്ഥ മുൻകാല പ്രാബല്യത്തോടെ ബാധകമാക്കില്ലെന്നും സ്വത്ത് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ ബാധിതർക്ക് അപ്പീൽ നൽകാൻ 12 മാസത്തെ സമയം അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയതായി സിബിസിഐ ഉപദേഷ്ടാവ് ജോനാഥൻ ലാൽറെംറുവാത്ത അറിയിച്ചു.

മണിപ്പുരിലെ അക്രമസംഭവങ്ങളും യോഗത്തിൽ ചർച്ചയായി. സംസ്ഥാനത്തെ സംഘർഷം വർഗീയമല്ല, വംശീയ സംഘർഷമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. സമാധാനശ്രമങ്ങളിൽ സഭയുടെ സഹകരണം തേടുകയും ചെയ്തു.

സഭകൾക്കും ക്രൈസ്തവർക്കുമെതിരായ ആക്രമണങ്ങൾ ഉണ്ടായാൽ നിർബന്ധമായും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, പൊലീസ് പരാതി സ്വീകരിക്കാത്ത പക്ഷം ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഹൈദരാബാദ് ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ ആന്റണി പൂള, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ എന്നിവരും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും യോഗത്തിൽ പങ്കെടുത്തു.