ജറുസലേം: ഇസ്രയേലിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 27ന് നടക്കും. നിയമപ്രകാരം നിശ്ചയിച്ച തീയതിയിൽ തന്നെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് ക്‌നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) ഹൗസ് കമ്മിറ്റി ചെയർമാൻ ഒഫിർ കാറ്റ്‌സ് പ്രഖ്യാപിച്ചു. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ നാല് വർഷത്തെ ഭരണകാലാവധി പൂർണമായി പൂർത്തിയാക്കുന്ന ആദ്യ സർക്കാരായി മാറും.
ജൂണിൽ പാർലമെന്റ് പിരിച്ചുവിടാനുള്ള ബിൽ ആദ്യഘട്ടം കടന്നിരുന്നെങ്കിലും, ഒടുവിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. നിലവിലെ ക്‌നെസെറ്റിന്റെ കാലാവധി ജൂലൈ 17ന് അവസാനിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക.
'നാല്പത് വർഷത്തിലേറെയായി ഒരു ക്‌നെസെറ്റിനും പൂർണ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ പാർലമെന്റ് മുഴുവൻ കാലാവധി പൂർത്തിയാക്കുന്നത്,' എന്ന് ഒഫിർ കാറ്റ്‌സ് പറഞ്ഞു. ഒൻപത് ബജറ്റുകളും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നൂറുകണക്കിന് നിയമങ്ങളും സർക്കാർ പാസാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
1988ന് ശേഷം ആദ്യമായാണ് ഇസ്രയേലിൽ പാർലമെന്റിന്റെ മുഴുവൻ കാലാവധി പൂർത്തിയായ ശേഷം നിശ്ചിത സമയത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കുന്ന ആദ്യ നെതന്യാഹു സർക്കാരെന്ന നേട്ടവും ഇതോടെ രേഖപ്പെടുത്തും.
അതേസമയം, പ്രതിപക്ഷം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി. ഒക്ടോബർ 27ന് നിലവിലെ സർക്കാരിനെ പരാജയപ്പെടുത്തി പുതിയ സർക്കാർ രൂപീകരിക്കുമെന്ന് യിസ്രായേൽ ബെെ്രയ്രയ്‌നു നേതാവ് അവിഗ്‌ദോർ ലിബർമാൻ പ്രതികരിച്ചു. 'ഒക്ടോബർ 7ലെ ആക്രമണത്തിന് ഉത്തരവാദികളായ സർക്കാരിനെ ജനങ്ങൾ മാറ്റിനിർത്തും. രാജ്യത്തെ പുനർനിർമിക്കുന്ന പുതിയ സയണിസ്റ്റ് സർക്കാർ അധികാരത്തിലെത്തും,' അദ്ദേഹം പറഞ്ഞു.
ഇസ്രയേലിൽ ഒക്ടോബർ 27ന് പൊതുതെരഞ്ഞെടുപ്പ്; നെതന്യാഹു സർക്കാർ പൂർത്തിയാക്കുന്നത് മുഴുവൻ കാലാവധി
