ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ ഇനി മാതാപിതാക്കളുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) സംബന്ധിച്ച വിവരങ്ങളും നൽകേണ്ടതായി വരും. ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരും, പുതുതായി വോട്ടവകാശം നേടിയവരും, പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നവരും ഉപയോഗിക്കുന്ന ഫോം–6ലാണ് ഈ പുതിയ നിർദേശം ബാധകമാകുന്നത്.
ഫോം ഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്തിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷകളിൽ ഈ വിവരങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, ഡൗൺലോഡ് ചെയ്യാവുന്ന അച്ചടി ഫോം–6ൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഡൽഹി, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം. വോട്ടർ പട്ടിക കൂടുതൽ കൃത്യമാക്കുകയും തെറ്റുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് എസ്‌ഐആറിന്റെ ലക്ഷ്യം.
ഓൺലൈൻ അപേക്ഷയിൽ അപേക്ഷകനോ മാതാപിതാക്കളോ മുമ്പത്തെ എസ്‌ഐആർ പരിശോധനയിൽ ഉൾപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം. ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമസഭാ മണ്ഡലം, ബൂത്ത് നമ്പർ, വോട്ടർ പട്ടികയിലെ ക്രമനമ്പർ എന്നിവയും രേഖപ്പെടുത്തണം. ഈ വിവരങ്ങൾ നിർബന്ധമല്ലെന്ന് ഫോമിൽ കാണിച്ചിട്ടുണ്ടെങ്കിലും അവ പൂരിപ്പിക്കാതെ അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം അനുവദിക്കുന്നില്ല.
അതേസമയം, വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർ (BLO) എത്തുമ്പോൾ വീട്ടിൽ ആരുമില്ലെങ്കിൽ, കുടുംബത്തിലെ മുതിർന്ന അംഗത്തിന് എൻമറേഷൻ ഫോം കൈമാറുകയോ വീട്ടിൽ നിക്ഷേപിക്കുകയോ ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ സർവീസ് പോർട്ടൽ അല്ലെങ്കിൽ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് വഴിയും നടപടികൾ പൂർത്തിയാക്കാം.
പരിശോധനയ്ക്കിടെ യഥാർഥ രേഖകൾ ഹാജരാക്കേണ്ടതില്ല. ആവശ്യമായ വിവരങ്ങൾ മാത്രം എൻമറേഷൻ ഫോമിൽ രേഖപ്പെടുത്തിയാൽ മതി. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലിലൂടെയോ, 'ബുക്ക് എ കോൾ വിത്ത് ബിഎൽഒ' സൗകര്യം വഴിയോ, ടോൾ ഫ്രീ നമ്പർ 1950ലേക്ക് വിളിച്ചോ പരിശോധിക്കാനാകും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണം
