ഇറാനെതിരെയുള്ള യു എസ് ആക്രമണത്തിനിടെ ട്രംപിന് പതിവ് ആരോഗ്യ പരിശോധന

ഇറാനെതിരെയുള്ള യു എസ് ആക്രമണത്തിനിടെ ട്രംപിന് പതിവ് ആരോഗ്യ പരിശോധന


വാഷിംഗ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍ക്കിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കിടെ പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായാണ് അദ്ദേഹം വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ എത്തിയതെന്ന് വ്യക്തമായി.

ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ മേരിലാന്‍ഡിലെ ബെഥെസ്ഡയിലുള്ള വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ ആറുമാസത്തിലൊരിക്കല്‍ നടത്താറുള്ള പതിവ് ശാരീരിക പരിശോധന പൂര്‍ത്തിയാക്കിയതായി അറിയിച്ചു. സ്വന്തം അഭ്യര്‍ഥനപ്രകാരം വീണ്ടും ഒരു കോഗ്നിറ്റീവ് പരിശോധനയും നടത്തിയെന്നും അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരമാണ് നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ മാഗി ഹാബര്‍മാന്‍ തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. അടുത്തിടെ നടന്ന നേറ്റോ ഉച്ചകോടിക്കിടെ നടത്തിയ ചില പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഹാബര്‍മാന്‍ ട്രംപിന്റെ മാനസിക വ്യക്തതയെക്കുറിച്ച് ചോദ്യമുന്നയിച്ചത്.

അതേസമയം, ഇറാനെതിരായ അമേരിക്കന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് പ്രകാരം, ആശുപത്രി സന്ദര്‍ശനം പതിവ് ആരോഗ്യപരിശോധനയ്ക്കായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പരിശോധന നടന്ന കൃത്യസമയം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

മെയ് മാസത്തില്‍ വാള്‍ട്ടര്‍ റീഡില്‍ നടന്ന വാര്‍ഷിക ആരോഗ്യപരിശോധനയ്ക്ക് ശേഷം ട്രംപ് 'മികച്ച ആരോഗ്യനിലയിലാണ്' എന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മോണ്‍ട്രിയല്‍ കോഗ്നിറ്റീവ് അസസ്‌മെന്റ് പരീക്ഷയില്‍ 30ല്‍ 30 മാര്‍ക്കും നേടിയതായും നാഡീവ്യൂഹ പരിശോധനയില്‍ അസാധാരണതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാല, ഡ്യൂക്ക് സര്‍വകലാശാല എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പരിശോധനയില്‍ പങ്കെടുത്തതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. 'മറച്ചുവയ്ക്കാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല,' എന്നായിരുന്നു അവരുടെ പ്രതികരണം.