തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച സൈപ്രസ് പതാകയുള്ള ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ഈ ആഴ്ച മൂന്നാംഘട്ട വ്യോമാക്രമണം ഇറാനെതിരെ നടത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിറിക്, ചബഹാര്‍, ബന്ദര്‍-എ-ദെയര്‍, അസലൂയെ എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് കടലിടുക്ക് താത്ക്കാലികമായി അടച്ചതായി പ്രഖ്യാപിച്ച ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) അംഗീകാരമില്ലാത്ത പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച കപ്പലിന് മുന്നറിയിപ്പായി വെടിയുതിര്‍ത്തതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ ആക്രമണം.
ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ ആക്രമണം തുടരുന്നതിനിടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ ആര്‍ ഐ ബി റിപ്പോര്‍ട്ട് ചെയ്തു.
പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 12 സ്‌ഫോടനങ്ങളെങ്കിലും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. തുറമുഖ നഗരമായ ബന്ദര്‍-എ-ദെയറില്‍ അഞ്ച് സ്‌ഫോടനങ്ങളും അസലൂയെയില്‍ നാല് സ്‌ഫോടനങ്ങളും ബുഷെഹര്‍ നഗരത്തില്‍ മൂന്ന് സ്‌ഫോടനങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
