അമേരിക്കയിൽ ഇന്ത്യൻ വംശജയായ മുൻ ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ച് കൊന്നു; മകന് പരിക്ക്

അമേരിക്കയിൽ ഇന്ത്യൻ വംശജയായ മുൻ ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ച് കൊന്നു; മകന് പരിക്ക്


ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ഇന്ത്യൻ വംശജയും മുൻ ഗൂഗിൾ ഉദ്യോഗസ്ഥയുമായ സാങ്കേതിക വിദഗ്ധ ഷീതൾ വ്രെസിയൻ (57) ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കുടുംബവഴക്കത്തിനിടെയുണ്ടായ വെടിവെപ്പിലാണ് സംഭവം. ഇവരുടെ 23 വയസ്സുള്ള മകൻ ജേസൺ വ്രെസിയനും വെടിയേറ്റെങ്കിലും ജീവൻ രക്ഷപ്പെട്ടു.

ജൂലൈ 7ന് രാത്രി കോബ് കൗണ്ടിയിലെ ലോറൽ ക്രീക്ക് ട്രെയിലുള്ള വസതിയിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വീട്ടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഷീതളിനെയും മകനെയും കണ്ടെത്തി. ആശുപത്രിയിലെത്തിക്കും മമ്പേ ഷീതൾ മരിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഷീതളിന്റെ ഭർത്താവ് കിർക്ക് ബി. വ്രെസിയൻ (56) അറസ്റ്റിലായി. കൊലപാതകം, ഗുരുതര ആക്രമണം, കുറ്റകൃത്യത്തിനിടെ തോക്ക് കൈവശം വച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാതെ ഇയാളെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മകൻ ജേസന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഷീതൾ വ്രെസിയൻ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു. സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിലെയും ഫോർച്യൂൺ 10 കമ്പനികളിലെയും ഉൽപ്പന്നസാങ്കേതിക വികസന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് അവർ കാഴ്ചവെച്ചത്. മരണസമയത്ത് GoTo Foods എന്ന സ്ഥാപനത്തിൽ ടെക്‌നോളജി ലീഡറായി പ്രവർത്തിക്കുകയായിരുന്നു.

ജോർജിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ഷീതൾ, ഇകൊമേഴ്‌സ്, മാർക്കറ്റിങ് ടെക്‌നോളജി, മീഡിയ, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിൽ നിരവധി പുതുമകൾക്ക് നേതൃത്വം നൽകി. ജോർജിയ ടെക് അലുംനി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് അംഗമായും കോളേജ് ഓഫ് കമ്പ്യൂട്ടിങ്ങിന്റെ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിരുന്ന അവർ രണ്ട് സോഫ്റ്റ്‌വെയർ പേറ്റന്റുകളുടെ സഹഉപജ്ഞാതാവുമായിരുന്നു.