ബാങ്കോക്കിലെ ബാറിൽ വൻ തീപിടിത്തം; 27 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബാങ്കോക്കിലെ ബാറിൽ വൻ തീപിടിത്തം; 27 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്


ബാങ്കോക്ക്:  തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.

അഗ്‌നിശമന സേനയും രക്ഷാപ്രവർത്തകരും മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ 27 മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

സംഭവസ്ഥലം സന്ദർശിച്ച ശേഷം നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനുടിൻ ചാർൻവിരാകുൽ മരണവിവരം സ്ഥിരീകരിച്ചു. '27 പേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടപോയിട്ടുണ്ട്. അവരുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്,' അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നിലെ സാഹചര്യം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബാറിനുള്ളിൽ ഉണ്ടായിരുന്ന ആളുകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചുവരികയാണ്.

അതേസമയം, തീപിടിത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനവും പരിശോധനകളും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ബാങ്കോക്കിനെ നടുക്കിയ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തായ്‌ലൻഡ് സർക്കാർ അനശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിക്കുകയും ചെയ്തു.