ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെട്ട സംഭവത്തിൽ ബോട്ടിൻ്റെ ക്യാപ്റ്റൻ അറസ്റ്റിൽ. 57കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആൻ ഗിയാങ് പ്രവിശ്യയിലെ പൊലീസ് അറിയിച്ചു. ക്യാപ്റ്റൻ്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അതേസമയം അതീവ മോശം കാലാവസ്ഥ മൂലമാണ് ബോട്ട് അപകടത്തിൽപെട്ടതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയം മഴ ഉണ്ടായിരുന്നില്ലെന്നും ശക്തമായ തിരമാലകൾ ഉണ്ടായെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാവികരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ സമയം വിനോദസഞ്ചാരികളുമായി മറ്റ് ബോട്ടുകളും കടലിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്.
അപകടത്തിൽ മരണപ്പെട്ട രണ്ട് മലയാളി സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് (തിങ്കളാഴ്ച) രാത്രിയോടെ മുംബൈയിൽ എത്തിക്കും. അവിടെ നിന്നാണ് മൃതദേഹങ്ങൾ വിമാനമാർഗ്ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുവരിക.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗവേനി തോമസ് (56) എന്നിവരുടെ ഭൗതികശരീരങ്ങൾ ഇന്ന് രാത്രി പത്ത് മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
