ടെഹ്‌റാന്‍: രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ലോകത്തിന് മുന്നില്‍ എത്താതിരിക്കാന്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള രഹസ്യവേട്ടയിലാണ് ഇറാന്‍ ഭരണകൂടമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയും സോഷ്യല്‍ മീഡിയ നിരോധിച്ചുമുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധ ദൃശ്യങ്ങള്‍ വിദേശത്തേക്ക് എത്തിക്കുന്ന പ്രധാന വഴിയായി സ്റ്റാര്‍ലിങ്ക് മാറിയതോടെയാണ് ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
സാധാരണ ടെലികോം ശൃംഖലകള്‍ പൂര്‍ണമായും നിലച്ചിരിക്കെ, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഡിഷുകളും റൂട്ടറുകളും ഉപയോഗിച്ച് പ്രതിഷേധക്കാര്‍ നേരിട്ട് സോഷ്യല്‍ മീഡിയയിലേക്കും വിദേശ മാധ്യമങ്ങളിലേക്കും ദൃശ്യങ്ങള്‍ അയച്ചിരുന്നു. സുരക്ഷാസേന വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും അറസ്റ്റുകളും മരണങ്ങളും ഇങ്ങനെ പുറത്തേക്കെത്തിയതാണ് ഇറാനെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലാക്കിയത്.
ഇതോടെ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ 'ദേശദ്രോഹ ആയുധങ്ങള്‍' ആണെന്ന നിലപാടിലാണ് ഭരണകൂടം. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവും റവല്യൂഷനറി ഗാര്‍ഡും ചേര്‍ന്ന് വീടുതോറും പരിശോധന നടത്തുകയും, റേഡിയോ സിഗ്‌നല്‍ ട്രാക്കിങ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളുടെ സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നു. നിരവധി പ്രദേശങ്ങളില്‍ ആളുകളെ പിടികൂടി അവരുടെ വീടുകളില്‍ നിന്ന് സാറ്റലൈറ്റ് ഡിഷുകളും ജനറേറ്ററുകളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചെന്ന സംശയത്തില്‍ പിടിയിലാകുന്നവരെ 'വിദേശ ഗൂഢാലോചനയില്‍ പങ്കാളികള്‍' എന്ന കുറ്റം ചുമത്തി തടവിലാക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം പോലും ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കാത്തവരും പോലും ഇന്റര്‍നെറ്റ് ഉപയോഗം മൂലം ഭീതിയിലായി.
എന്നാല്‍, ഭരണകൂടത്തിന്റെ ഈ വേട്ടയാടലും സ്റ്റാര്‍ലിങ്ക് തടയല്‍ ശ്രമങ്ങളും പൂര്‍ണ വിജയമാകുന്നില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വിലയിരുത്തുന്നത്. ഇറാനിലെ വലിയ നഗരങ്ങള്‍ മുതല്‍ ഗ്രാമപ്രദേശങ്ങള്‍ വരെ നൂറുകണക്കിന് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ അറസ്റ്റിനും പിന്നാലെ പുതിയ ഉപകരണങ്ങള്‍ രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരുന്ന രഹസ്യ ശൃംഖലയും രൂപപ്പെട്ടിട്ടുണ്ട്.
വിവരയുദ്ധത്തില്‍ തോറ്റാല്‍ രാഷ്ട്രീയയുദ്ധവും തോറ്റുപോകുമെന്ന ഭീതിയിലാണ് ടെഹ്‌റാന്‍. അതുകൊണ്ടുതന്നെ സ്റ്റാര്‍ലിങ്കിനെതിരായ ഈ വേട്ട ഇപ്പോള്‍ പ്രതിഷേധത്തെക്കാള്‍ പോലും ഭരണകൂടത്തിന് വലിയ തലവേദനയായി മാറുകയാണ്.
സ്റ്റാര്‍ലിങ്കിനെതിരേ വേട്ട; പ്രതിഷേധ ദൃശ്യങ്ങള്‍ പുറംലോകം കാണാതിരിക്കാന്‍ ഇറാന്റെ ഡിജിറ്റല്‍ അടിച്ചമര്‍ത്തല്‍
