ടെല്‍അവീവ്: വ്യാഴാഴ്ച ഗാസയില്‍ നിന്ന് തിരിച്ചെത്തിച്ച മൃതദേഹം ഷിരി ബിബാസിന്റേതല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇസ്രായേല്‍ ആരോപിച്ചു.
കൈമാറിയ മറ്റ് മൂന്ന് മൃതദേഹങ്ങള്‍ അവരുടെ മക്കളായ ഏരിയല്‍, ഖ്ഫിര്‍ എന്നിവരുടേതാണെന്നും അവര്‍ക്ക് അഞ്ചും രണ്ടും വയസ്സ് പ്രായമുണ്ടാകുമെന്നും സമാധാന പ്രവര്‍ത്തകനായ 84കാരന്‍ ഒഡെഡ് ലിഫ്ഷിറ്റ്‌സ് ആണെന്നും തിരിച്ചറിഞ്ഞതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.
എന്നാല്‍ നാലാമത്തെ മൃതദേഹം ഷിരിയോ മറ്റൊരു ബന്ദിയുമല്ല. ഹമാസ് 'ഒരു ഗാസ സ്ത്രീയുടെ മൃതദേഹം ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു' എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.
ഇസ്രായേല്‍ വ്യോമാക്രമണത്തിന് ശേഷം ഷിരിയുടെ അവശിഷ്ടങ്ങള്‍ മറ്റ് മൃതദേഹങ്ങളുമായി കലര്‍ന്നതായി തോന്നുന്നുവെന്ന് ഹമാസ് വക്താവ് ഇസ്മായില്‍ അല്‍-തവാബ്ത വെള്ളിയാഴ്ച എക്സില്‍ പറഞ്ഞു.
തെറ്റായ അവശിഷ്ടങ്ങള്‍ ഇസ്രായേലിലേക്ക് അയയ്ക്കാന്‍ കാരണമെന്താണെന്ന് അന്വേഷിക്കുമെന്ന് സംഘം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇസ്രായേലി ബോംബാക്രമണത്തില്‍ കുട്ടികളും അവരുടെ അമ്മയും കൊല്ലപ്പെട്ടുവെന്ന മുന്‍ പ്രസ്താവനയും അവര്‍ ആവര്‍ത്തിച്ചു.
വെള്ളിയാഴ്ച നടത്തിയ ബ്രീഫിംഗില്‍ ഹമാസ് ആണ്‍കുട്ടികളെ കൈകള്‍ കൊണ്ട് കൊലപ്പെടുത്തിയെന്നും ഈ ക്രൂരതകള്‍ മറച്ചുവെക്കാന്‍ ഭയാനകമായ പ്രവൃത്തികള്‍ ചെയ്തു എന്നും ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ഫോറന്‍സിക് കണ്ടെത്തലുകള്‍, ഇന്റലിജന്‍സ് എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് ബാക്കിയുള്ള മറ്റ് ബന്ദികള്‍ക്കൊപ്പം ഷിരിയെയും തിരികെ നല്‍കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു.
ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ ഷിരി ബിബാസിനെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്ന് ഐ ഡി എഫ് അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി ബി ബി സി റേഡിയോ 4ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളുമൊത്ത് ഷിരിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്നും കരാര്‍ ലംഘിക്കുന്നതിനുള്ള മുഴുവന്‍ വിലയും ഹമാസ് നല്‍കുമെന്നും' നെതന്യാഹു പറഞ്ഞു.
എല്ലാ കടമകളോടും ഗൗരവവും പൂര്‍ണ്ണ പ്രതിബദ്ധതയും ഉണ്ടെന്നും നടപ്പാക്കാതിരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
തൊട്ടുപിന്നാലെ, ശനിയാഴ്ച മോചിപ്പിക്കേണ്ട ബന്ദികളുടെ പേരുകള്‍ സംഘം പുറത്തുവിട്ടു. പട്ടികയില്‍ ആറ് ബന്ദികളുണ്ട്, അതില്‍ ഒരു ദശാബ്ദമോ അതില്‍ കൂടുതലോ കാലം തടവില്‍ കഴിഞ്ഞ രണ്ട് പേര്‍ ഉള്‍പ്പെടുന്നു.
2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയപ്പോള്‍ ഷിരി, ഏരിയല്‍, ഖ്ഫിര്‍ ബിബാസ് എന്നിവര്‍ക്ക് 32, നാല്, ഒമ്പത് മാസം പ്രായമുണ്ടായിരുന്നു.
കുട്ടികളുടെ പിതാവ് 34കാരനായ യാര്‍ഡന്‍ ബിബാസിനെ ഫെബ്രുവരി 1 ന് ഹമാസ് മോചിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 7ന് പിടികൂടിയ 66 ബന്ദികളും ഒരു ദശാബ്ദത്തിലേറെ മുമ്പ് പിടികൂടിയ മൂന്ന് ബന്ദികളും ഇപ്പോഴും തടവിലാണ്. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടവരില്‍ പകുതിയോളം പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു.