ഗാസയില്‍ ഐ ഡി എഫ് വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ മന്ത്രി

ഗാസയില്‍ ഐ ഡി എഫ് വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ മന്ത്രി


ടെല്‍അവീവ്: വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് താത്പര്യം കാണിച്ചതോടെ ഇസ്രായേല്‍ നിലപാടുകള്‍ ശക്തമാക്കി. ഇസ്രായേലി പ്രതിരോധ സേന ഗാസയില്‍ വര്‍ഷങ്ങളോളം തുടരുമെന്നാണ് ഇസ്രായേലിലെ മുതിര്‍ന്ന മന്ത്രി പ്രസ്താവിച്ചത്. ഈ പ്രദേശത്ത് പുതിയ ഹമാസ് പോരാളികളെ നേരിടുന്നതിനും വരും വര്‍ഷങ്ങളില്‍ മാനുഷിക സഹായം എത്തിക്കുന്നതിനും ഐ ഡി എഫ് ഉത്തരവാദികളായിരിക്കുമെന്ന് ഇസ്രായേല്‍ ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിച്ചറെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്റെയോ ഫലസ്തീനിയന്‍ അതോറിറ്റിയുടെയോ ഭരണസാധ്യതകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐ ഡി എഫിന്റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് ഡിച്ചറിന്റെ പ്രസ്താവന സൂചന നല്‍കുന്നു.

മെഡിറ്ററേനിയന്‍ തീരത്തിനും ഗാസയുടെ കിഴക്കന്‍ ചുറ്റളവിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക മേഖലയായ ഗാസയിലെ നെറ്റ്സാരിം ഇടനാഴിയില്‍, ഫലസ്തീന്‍ പ്രദേശത്ത്, പ്രത്യേകിച്ച് സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതിന് ഐ ഡി എഫ് മണ്ണ് നീക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണിത്. 

അതേസമയം, ഈജിപ്തുമായുള്ള എന്‍ക്ലേവിന്റെ അതിര്‍ത്തിയില്‍ താത്കാലികമായി തങ്ങാന്‍ ഹമാസ് ഐ ഡി എഫിനെ അനുവദിച്ചേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് സൂചന നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന് അറിയിച്ച ഫിലാഡല്‍ഫി ഇടനാഴി ഇസ്രായേല്‍ സൈന്യം കൈവശം വയ്ക്കുന്നത് തുടരും. 

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആവിഷ്‌കരിച്ച തന്ത്രം ഉപേക്ഷിച്ച് ചില ഇളവുകള്‍ നല്‍കി സന്ധിയിലേക്ക് നീങ്ങാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 

സിന്‍വാര്‍ ഇസ്രായേലുമായി നീണ്ട യുദ്ധ നിലനില്‍ക്കുവോളം അത്രയും വിമോചനത്തിലേക്ക് അടുക്കുമെന്നാണ് വാദിച്ചിരുന്നത്.