വിന്റര്‍ ഒളിംപിക്‌സിനെത്തിയ ജെ ഡി വാന്‍സിനേയും ഉഷ വാന്‍സിനേയും കൂക്കി വിളിച്ചു

വിന്റര്‍ ഒളിംപിക്‌സിനെത്തിയ ജെ ഡി വാന്‍സിനേയും ഉഷ വാന്‍സിനേയും കൂക്കി വിളിച്ചു


മിലാന്‍: യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഭാര്യ ഉഷ വാന്‍സും മിലാനില്‍ വിന്റര്‍ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ സംഘത്തെ പിന്തുണയ്ക്കാനെത്തിയെങ്കിലും അവരുടെ സാന്നിധ്യത്തെ ജനക്കൂട്ടം പരിഗണിച്ചില്ല. ക്യാമറ ദമ്പതികളിലേക്ക് തിരിഞ്ഞപ്പോഴാകട്ടെ ശക്തമായ കൂക്കുവിളികളാണ് ഉയര്‍ന്നത്.

അമേരിക്കന്‍ സംഘത്തിന് പൊതുവെ അനുകൂലമായ സ്വീകരണമുണ്ടായിരുന്നുവെങ്കിലും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഭാര്യ ഉഷ വാന്‍സും  ക്യാമറയില്‍ കുറച്ച് നിമിഷങ്ങള്‍ അമേരിക്കന്‍ പതാകകള്‍ വീശി കാണിച്ചപ്പോള്‍ ശക്തമായ കൂക്കുവിളികളും പരിഹാസങ്ങളുമാണ് ഉയര്‍ന്നതെന്ന് സാന്‍ സിറോ സ്റ്റേഡിയത്തിനുള്ളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്ത ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തിലെ ഫ്‌ളോ ക്ലിഫോര്‍ഡ് പറയുന്നു. 

സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ വീഡിയോകള്‍ പങ്കുവച്ചു. അവയില്‍ പശ്ചാത്തലത്തില്‍ കൂക്കുവിളികള്‍ വ്യക്തമായി കേള്‍ക്കാനാവും.

വെള്ളിയാഴ്ച കൂക്കു വിളി കേള്‍ക്കേണ്ടി വന്നത് ് വാന്‍സ് മാത്രമല്ല ഇസ്രായേല്‍ താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോഴും അതുണ്ടായി.  ഇസ്രായേല്‍ താരങ്ങളെ വളരെ അടുത്ത് അനുഗമിക്കുന്ന സുരക്ഷാ സംഘമുണ്ടെന്നു തോന്നുന്നുവെന്നും ഫ്‌ളോ റിപ്പോര്‍ട്ട് ചെയ്തു.

ഐ ഒ സി പ്രസിഡന്റ് കിര്‍സ്റ്റി കോവെന്‍ട്രി അമേരിക്കന്‍ താരങ്ങളെയോ വൈസ് പ്രസിഡന്റ് വാന്‍സിനെയോ കൂക്കി വിളിക്കരുതെന്ന്  കാണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉദ്ഘാടന ചടങ്ങ് പരസ്പരം ബഹുമാനം കാണിക്കുന്ന അവസരമായി എല്ലാവരും കാണുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

വിന്റര്‍ ഒളിംപിക്‌സിനിടെ മിലാനില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ സി ഇ) ഏജന്റുമാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണമായിരുന്നു കൂക്കുവിളികള്‍. ഇറ്റാലിയന്‍ രാഷ്ട്രീയ നേതാക്കള്‍ അവരുടെ സാന്നിധ്യത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഒരു ഔദ്യോഗിക വ്യക്തി ഐ സി ഇ ഏജന്റുകള്‍ ടീം യു എസ് എ പ്രതിനിധി സംഘത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി.

മിലാനില്‍ പ്രവര്‍ത്തിക്കുന്ന ടീം യു എസ് എ പ്രതിനിധി സംഘത്തിന്റെ ഭാഗമായ ഐ സി ഇ ഏജന്റുകള്‍ ഒരാളും ഇല്ലെന്ന് താന്‍ വ്യക്തമായി പറയാമെന്ന് യു എസ് ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നിക്കോള്‍ ഡീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വലിയ പരിപാടികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ ശേഷികളും കഴിവുകളും വിഭവങ്ങളും എന്തൊക്കെയാണെന്ന് പലര്‍ക്കും അറിയില്ലെന്നും അതുകൊണ്ടാണ് നിരവധി തെറ്റായ വിവരങ്ങളും അനുമാനങ്ങളും ഉണ്ടാകുന്നതെന്നും നിക്കോള്‍ ഡീല്‍ പറഞ്ഞു. ഐ സി ഇ ഇവിടെ ഉണ്ടെന്നും ഗെയിംസ് സുരക്ഷിതമാക്കുന്നതില്‍ പങ്കാളികളാണെന്നും പറയപ്പെട്ടത് അത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയായിരുന്നു. ഐ സി ഇ ടീം യു എസ് എയുടെ ഭാഗമല്ലെന്ന സത്യാവസ്ഥ വ്യക്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.